ലിവിങ്സ്റ്റൺ 11.50 കോടി രൂപയ്ക്ക് പഞ്ചാബിൽ: യുവാക്കളെ ലക്ഷ്യമിട്ട് മുംബൈ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിൽ. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ, കൊൽക്കത്ത, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലാണ് ലിവിങ്സ്റ്റൺ കളിച്ചിരുന്നത്. (ipl auction day 2)
കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായ ജയ്ദേവ് ഉനദ്കട്ടിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 1.30 കോടി രൂപയ്ക്കാണ് സൗരാഷ്ട്ര താരത്തെ മുംബൈ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എയ്ഡൻ മാർക്രത്തെ 2.60 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ടീമിലെത്തിച്ചു. അജിങ്ക്യ രഹാനെ 1 കോടി രൂപയ്ക്ക് കൊൽക്കത്തയിലെത്തി. വിൻഡീസ് ഓൾറൗണ്ടർ ഡൊമിനിക് ഡ്രേക്സിനെ 1.70 കോടി രൂപയ്ക്കും ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറെ 1.40 കോടി രൂപയ്ക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ വിൻഡീസ് ഓൾറൗണ്ടർ ഓഡിയൻ സ്മിത്തിനെ പഞ്ചാബ് ടീമിലെത്തിച്ചു. 6 കോടി രൂപയാണ് താരത്തിനായി പഞ്ചാബ് മുടക്കിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ ജാൻസെനെ 4.20 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി. ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ 4 കോടി രൂപയ്ക്ക് ചെന്നൈയിൽ കളിക്കും.
ഇന്ത്യൻ ബൗളർമാരായ ഖലീൽ അഹ്മദിനെ 5.25 കോടി രൂപയ്ക്കും ചേതൻ സക്കരിയയെ 4.20 കോടി രൂപയ്ക്കും ഡൽഹി സ്വന്തമാക്കി. പേസർ നവദീപ് സെയ്നിയെ 2.60 കോടി രൂപയ്ക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു. ആന്ധ്ര ഓൾറൗണ്ടർ തിലക് വർമ്മയെ 1.70 കോടി രൂപ മുടക്കി മുംബൈ സ്വന്തമാക്കി. ഓൾറൗണ്ടർ സഞ്ജയ് യാദവും മുംബൈയിലാണ്. 50 ലക്ഷം രൂപയാണ് സഞ്ജയ് യാദവിനായി മുംബൈ മുടക്കിയത്.
ഇന്ത്യ അണ്ടർ 19 ടീം ക്യാപ്റ്റൻ ഷാഷ് ധുല്ലിനെ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ടീമിലെത്തിച്ചപ്പോൾ ഫൈനലിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ രാജ് ബാവയെ 2 കോടി രൂപയ്ക്ക് പഞ്ചാബും ടീമിലെത്തിച്ചു. ടീമിലുണ്ടായിരുന്ന മറ്റൊരു ഓൾറൗണ്ടർ രാജവർധൻ ഹങ്കർഗേക്കറെ 1.50 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. യുപി പേസർ യാഷ് ദയാലിനെ 3.20 കോടി രൂപ മുടക്കി ഗുജറാത്ത് ടീമിലെത്തിച്ചു. ന്യൂസീലൻഡ് പേസർ ഫിൻ അലനെ 80 ലക്ഷം രൂപയ്ക്ക് ആർസിബി സ്വന്തമാക്കി.
അണ്ടർ 19 ടീമിൽ മികച്ച പ്രകടനം നടത്തിയ വിക്കി ഓസ്‌വാൾ, ഹർനൂർ സിംഗ് എന്നിവർ അൺസോൾഡ് ആയി. സന്ദീപ് ലമിച്ഛാനെ, ഡേവിഡ് മലാൻ, മാർനസ് ലബുഷെയ്ന്, ഓയിൻ മോർഗൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പുജാര, ജെയിംസ് നീഷം, ഇഷാന്ത് ശർമ്മ, ലുങ്കി എങ്കിഡി, ഷെൽഡൻ കോട്രൽ, നതാൻ കോൾട്ടർനെയിൽ, തബ്രൈസ് ഷംസി, പീയുഷ് ചൗള, സച്ചിൻ ബേബി തുടങ്ങിയവരെയും ആരെയും വാങ്ങിയില്ല.
Story Highlights: ipl auction day 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here