ടിം ഡേവിഡിന് 8.25 കോടി രൂപ; ജോഫ്ര ആർച്ചറിന് 8 കോടി രൂപ: ക്ലൈമാക്സിൽ തകർത്ത് മുംബൈ

ഐപിഎൽ മെഗാ ലേലത്തിൻ്റെ രണ്ടാം ദിനം നേട്ടമുണ്ടാക്കി മുംബൈ ഇന്ത്യൻസ്. ആദ്യ ദിനം കാര്യമായ താരങ്ങളെ സ്വന്തമാക്കാതിരുന്ന മുംബൈ രണ്ടാം ദിനത്തിൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ലേലത്തിനെത്തിയത്. സിംഗപൂർ ഓൾറൗണ്ടറും കൂറ്റനടിക്കാരനുമായ ടിം ഡേവിഡിനെ 8.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച മുൻ ചാമ്പ്യന്മാർ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ വെറും 8 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. പരുക്കേറ്റ് വിശ്രമത്തിലുള്ള ആർച്ചർ ഇക്കൊല്ലം കളിക്കില്ലെങ്കിലും അടുത്ത വർഷം മുതൽ ബുംറയ്ക്കൊപ്പം മുംബൈ ബൗളിംഗ് ഓപ്പൺ ചെയ്യും. (ipl auction mumbai indians)
Read Also : ലിവിങ്സ്റ്റൺ 11.50 കോടി രൂപയ്ക്ക് പഞ്ചാബിൽ: യുവാക്കളെ ലക്ഷ്യമിട്ട് മുംബൈ
തുടക്കം മുതൽ ആർച്ചറിനായി രംഗത്തുണ്ടായിരുന്ന മുംബൈയ്ക്ക് ആദ്യ ഘട്ടത്തിൽ പഴയ ടീം രാജസ്ഥാൻ റോയൽസും പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദുമാണ് വെല്ലുവിളി ഉയർത്തിയത്. എന്നാൽ, ആർച്ചർക്കായി തുക മാറ്റിവച്ചിരുന്ന മുംബൈ അനായാസം താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
ടിം ഡേവിഡിനായി ആദ്യ ഘട്ടത്തിൽ ഡൽഹിയും കൊൽക്കത്തയും തമ്മിലായിരുന്നു പോര്. പിന്നീട് പഞ്ചാബ് ലേലത്തിലിറങ്ങി. ഇതോടെ ഡൽഹി പിന്മാറി. ഈ സമയത്ത് ലക്നൗവും സിംഗപ്പൂർ താരത്തിനായി രംഗത്തുവന്നു. ലക്നൗവിൻ്റെ വരവോടെ പഞ്ചാബ് പിന്മാറി. 2.40 കോടിയിൽ ലക്നൗ പിന്മാറി. രാജസ്ഥാനാണ് പകരം എത്തിയത്. കൊൽക്കത്തയും രാജസ്ഥാനും തമ്മിൽ അല്പ സമയം ബിഡിംഗ് വാർ നടന്നു. 5.25 കോടിയിൽ വച്ച് രാജസ്ഥാൻ പിന്മാറി. 5.50 കോടി രൂപയ്ക്ക് കൊൽക്കത്ത ടിം ഡേവിഡിനെ ഉറപ്പിച്ചിരുന്ന സമയത്ത് വളരെ നാടകീയമായി മുംബൈ രംഗത്തിറങ്ങുകയായിരുന്നു.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിനെ 2.60 കോടി രൂപയ്ക്കും മുംബൈ ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസർ തൈമൽ മിൽസിനെ ഒന്നരക്കോടി രൂപ മുടക്കി മുൻ ചാമ്പ്യന്മാർ സ്വന്തമാക്കി. ഇന്ത്യൻ ഓൾറൗണ്ടർ സഞ്ജയ് യാദവ് (50 ലക്ഷം), ബാറ്റർ തിലക് വർമ്മ (1.70 കോടി), ഇന്ത്യൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ (65 ലക്ഷം) എന്നിവരെയും മുംബൈ ടീമിലെത്തിച്ചു.
Story Highlights: ipl auction mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here