Advertisement

നീരസം മാറാതെ സിദ്ദു; പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ സംസാരിച്ചില്ല

February 13, 2022
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പഞ്ചാബിലെത്തിയ പ്രിയങ്കാ ഗാന്ധിയ്‌ക്കൊപ്പം വേദിയിലിരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാതെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. സിദ്ദു, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയുടെ റാലിയില്‍ എത്തിയിരുന്നു. എന്നാല്‍ റാലിയോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ വേദിയിലേക്ക് പലവട്ടം വിളിച്ചിട്ടും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ സിദ്ദു തയ്യാറാകാത്തതാണ് വലിയ ചര്‍ച്ചയായത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കാതിരുന്നതിലുള്ള നീരസം കൊണ്ടാണ് സിദ്ദു മാറിനിന്നത് എന്ന തരത്തില്‍ ഈ സംഭവം വിവാദമായി മാറുകയായിരുന്നു.

ജനങ്ങളെ അഭിസംബോധന ചെയ്ത്് സംസാരിക്കാനായി സിദ്ദുവിന്റെ പേര് വിളിച്ചപ്പോള്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ ചൂണ്ടിക്കാണിക്കുകയും അദ്ദേഹം സംസാരിക്കട്ടെ എന്ന് ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കാത്തതില്‍ സിദ്ദുവിന് പാര്‍ട്ടി നേതൃത്വത്തോട് നീരസമുണ്ടെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിദ്ദുവിന്റെ പെരുമാറ്റം ചര്‍ച്ചയാകുന്നത്.

ലുധിയാനയിലെ വെര്‍ച്വല്‍ റാലിയല്‍ വെച്ച് രഹുല്‍ ഗാന്ധിയാണ് ചന്നിയെ കോണ്ഡഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. ചരണ്‍ജിത്ത് സിംഗ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു പുകഴ്ത്തിയിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലായില്‍ തന്നെയായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം. വേദിയില്‍ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിക്കുകയും ചെയ്തിരുന്നു.

പഞ്ചാബില്‍ ഇത്തവണ ആംആദ്മി പാര്‍ട്ടിക്കാകും മുന്‍തൂക്കമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേയിലാണ് ആംആദ്മി 55 മുതല്‍ 63 സീറ്റ് വരെ നേടുമെന്ന് പ്രവചനം. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ച കോണ്‍ഗ്രസിന് 24 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ശിരോമണി അകാലിദള്‍ 20 മുതല്‍ 26 വരെ സീറ്റ് നേടും. മൂന്ന് മുതല്‍ 11 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലാണെന്നും സര്‍വേ പറയുന്നു.

Story Highlights: navjyoth singh siddu priyanka gandhi rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here