Advertisement

‘വലിയ വിലകൊടുക്കേണ്ടി വരും’; യുക്രൈന്‍ വിഷയത്തില്‍ പുടിന് മുന്നറിയിപ്പുമായി ബൈഡന്‍

February 13, 2022
Google News 1 minute Read

യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ്. യുക്രൈന്‍ വിഷയത്തിലെ അവസാന അനുരഞ്ജനനീക്കവും പാളിയതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രഡിഡന്റ് വ്‌ലാഡിമര്‍ പുടിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് ബൈഡനും പുടിനും തമ്മില്‍ ഒരു മണിക്കൂറോളം നേരം ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യ യുക്രൈന്‍ അധിനിവേശത്തിനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും റഷ്യയുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുമെന്നുമാണ് ടെലിഫോണ്‍ സംഭാഷണത്തിലൂടെ ബൈഡന്‍ പുടിനെ പറഞ്ഞ് ധരിപ്പിക്കാന്‍ ശ്രമിച്ചത്.

ഫെബ്രുവരി 20ന് മുന്‍പായി റഷ്യ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പായിരുന്നു ബൈഡന്‍-പുടിന്‍ സംഭാഷണത്തിന് ആധാരം. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. എന്നാല്‍ അധിനിവേശത്തിനുള്ള യാതൊരു ശ്രമങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് നടക്കുന്നില്ലെന്നാണ് റഷ്യ ആവര്‍ത്തിച്ച് പറയുന്നത്.

റഷ്യ- യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഉക്രൈന്‍ വിട്ടുകഴിഞ്ഞു. ശീത ഒളിമ്പിക്സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിന് റഷ്യ തയാറെടുക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ 25000 മുതല്‍ 50,000 പേര്‍ക്ക് വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടല്‍.

യുഎസ് യുദ്ധഭീതി പരത്തുകയാണെന്നാണ് റഷ്യയുടെ ആരോപണം. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷസാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊര്‍ജിതമായി.

Story Highlights: us warnd russia over ukraine invasion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here