വാക്സിനെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കുമെന്ന് നൊവാക് ജോക്കോവിച്ച്

കൊവിഡ് വാക്സിനെടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്സിന്‍ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങള്‍ ത്യജിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ടണുമടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച്
കൂട്ടിച്ചേര്‍ത്തു.
ഇക്കാരണത്താല്‍ തന്നെ വാക്സിന്‍ വിരുദ്ധ ക്യാമ്പെയിനുകളുടെ ഭാഗമാക്കരുതെന്നും വാക്സിനേഷന് എതിരല്ല തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ ജോക്കോവിച്ച് മനസ് തുറന്നത്.
Read Also :ഐഎസ്എലിൽ വീണ്ടും കൊവിഡ്; എഫ്സി ഗോവയുടെ അഞ്ച് താരങ്ങൾക്ക് വൈറസ് ബാധ
”ഞാന്‍ ഒരിക്കലും വാക്സിനേഷന് എതിരല്ല. എന്നാല്‍ സ്വന്തം ശരീരത്തില്‍ എന്ത് കുത്തിവെക്കണം എന്ന് തീരുമാനിക്കാനുള്ള ഒരാളുടെ അവകാശത്തെ ഞാന്‍ എപ്പോഴും പിന്തുണക്കുന്നു,” ജോക്കോവിച് പറഞ്ഞു.
വാക്സിന്‍ എടുക്കാത്തത് കാരണം കഴിഞ്ഞ മാസം നടന്ന 2022 ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ ജോക്കോവിച്ചിന് പങ്കെടുക്കാനായിരുന്നില്ല. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ സെര്‍ബിയയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇത് സംബന്ധിച്ച ബി.ബി.സി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും ജോക്കോവിച് കൃത്യമായ മറുപടി നല്‍കി.
കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടാനുള്ള ഇത്തരം അവസരങ്ങള്‍ എന്തുകൊണ്ടാണ് പാഴാക്കുന്നത്, എന്ന ചോദ്യത്തിന്, ”എന്റെ ശരീരത്തെക്കുറിച്ച് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ ഏത് കിരീടത്തെക്കാളും വലുതാണ്,” എന്നായിരുന്നു ജോക്കോവിച്ചിന്റെ മറുപടി. ജോക്കോവിച് ഇനി മത്സരിക്കാനിരിക്കുന്നത് ഈ മാസം നടക്കാനിരിക്കുന്ന ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പിലാണ്.
Story Highlights: Novak Djokovic says trophies will be rejected if he is forced to take the vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here