Advertisement

തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഓംപ്രകാശ് രാജ്ഭാര്‍

February 15, 2022
Google News 2 minutes Read

തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭാര്‍ രംഗത്ത്. യുപിയില്‍ എസ്ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാജ്ഭാറിന്റെ മകന്‍ അരവിന്ദ് രാജ്ഭാര്‍ വാരണാസിയിലെ ശിവപൂര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

മണ്ഡലത്തിലെ കോടതിയിലാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഈ സമയത്താണ് നിരവധി അഭിഭാഷകര്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തത്. തുടര്‍ന്ന് രാജ്ഭാറിനെ പിന്തുണയ്ക്കുന്നവര്‍ ജയ് അഖിലേഷ് വിളിച്ച് പ്രതിരോധിച്ചു. പത്രിക സമര്‍പ്പിച്ചതിന് ശേഷം രാജ്ഭാര്‍ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെടുകയും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിജെപി രാജ്ഭാറിന്റെ ആരോപണം തള്ളി രംഗത്തെത്തി.

Read Also :ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കൂടുതൽ പ്രചാരണ റാലികളിൽ പങ്കെടുക്കും

‘ യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തവണ ബിജെപി വെല്ലുവിളി നേരിടുന്നുണ്ട്. വോട്ടര്‍മാര്‍ അവരെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. ഇതില്‍ അമര്‍ഷം പൂണ്ടിട്ടാണ് എന്നെയും മകനെയും കൊല്ലുമെന്ന് അഭിഭാഷകര്‍ പരസ്യമായി ഭീഷണി മുഴക്കിയത്. എസ്പി-എസ്ബിഎസ്പി സഖ്യം ഉയര്‍ത്തിയ വിഷയങ്ങള്‍ ജനം ഏറ്റെടുത്തുകഴിഞ്ഞു. ഞങ്ങളെ ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ക്കെതിരെ വേഗം നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. വാരണാസി ജില്ലാ കളക്ടറും പൊലീസ് കമ്മിഷണറും യോഗി ആദിത്യനാഥിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കമ്മിഷണറെയും കളക്ടറെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട് ‘. രാജ്ഭാര്‍ വ്യക്തമാക്കി.

ഗുണ്ടകളും മാഫിയകളും നിറഞ്ഞതാണ് എസ്പി സഖ്യമെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി തിരിച്ചടിച്ചു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ശിവപൂരില്‍ നടന്ന സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ല. അഭിഭാഷകരെ രാജ്ഭാര്‍ അപമാനിച്ചിരുന്നു. പരാജയഭീതി കൊണ്ടാണ് പുതിയ ആരോപണവുമായി അദ്ദേഹം രംഗത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Omprakash Rajbhar alleges BJP activists tried to kill him and his son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here