ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്

2022 ജനുവരിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്സ്. 18.9 മില്യണ്‍ സമ്പര്‍ക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കെബിഎഫ്സി നടത്തിയത്. ഇന്‍സ്റ്റാഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. സ്പോര്‍ട്സ് ഡേറ്റ അനലിറ്റിക് പ്ലാറ്റ്ഫോമായ ഡിപോര്‍ട്ടസ് ആന്‍ഡ് ഫിനാന്‍സാസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.
2014 മുതല്‍ ഏഷ്യയിലെ ഏറ്റവും അത്യാവേശം നിറഞ്ഞ ആരാധക കൂട്ടമുള്ള, ഏറ്റവും വ്യാപകമായി പിന്തുണയ്ക്കപ്പെടുന്ന ക്ലബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബെന്ന നേട്ടവും കെബിഎഫ്സി സ്വന്തമാക്കിയിട്ടുണ്ട്. റിസള്‍ട്ട് സ്പോര്‍ട്സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സാങ്കേതിക വിശകലനത്തില്‍, ഡിജിറ്റല്‍ കമ്മ്യൂണിറ്റിയിലെ അംഗബലത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 250ലധികം ഫുട്ബോള്‍ ക്ലബുകളില്‍ കെബിഎഫ്സിക്ക് 65ാം സ്ഥാനമുണ്ട്.
കൊവിഡ് കാരണം, ഐഎസ്എലിന്റെ കഴിഞ്ഞ സീസണിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലും കാഴ്ച്ചക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ക്ലബിനായി എപ്പോഴും ഹര്‍ഷാരവും മുഴക്കുകയും അനന്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്ലബ്ബിന്റെ പ്രിയപ്പെട്ട ആരാധകരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്ലബിന്റെ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും അവരെ പങ്കുചേര്‍ക്കുന്നതിനുമായി, കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഇടപഴകുകയും പുതിയ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.
ഈ ഫലങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കെബിഎഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. അണിയറയ്ക്ക് പിന്നില്‍ ടീം നടത്തുന്ന എല്ലാ കഠിനാധ്വാനത്തിന്റെയും, ഞങ്ങളുടെ ആരാധകര്‍ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്ന അതിശക്തമായ പിന്തുണയുടെയും പ്രതിഫലനമാണിത്. ഡിജിറ്റല്‍ ഇടം അതിവേഗം വളരുകയാണ്, ഈ രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കൂടാതെ, ഈ സീസണില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ദേശീയ ബ്രാന്‍ഡുകള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് കേരളത്തില്‍ നിന്നുള്ള ഒരു ഫുട്ബോള്‍ ക്ലബ് എന്നതിലുപരി, ഇന്ത്യയില്‍ വിപണന യോഗ്യമായ ഒരു കായിക ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ വളര്‍ച്ചയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: The Kerala Blasters have become the most talked about Asian football club on Instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here