Advertisement

ഐപിഎൽ ടീം വിശകലനം; കരുത്തോടെ ഡൽഹി

February 16, 2022
Google News 2 minutes Read
ipl team delhi capitals

ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ ഏറ്റവും മികച്ച ചില ഇടപെടലുകൾ നടത്തിയ ടീമായിരുന്നു ഡൽഹി ക്യാപിറ്റൽസ്. തങ്ങൾക്ക് വേണ്ടവരെ ചുളുവിലയ്ക്ക് ടീമിലെത്തിച്ച ഡൽഹി മറ്റ് ടീമുകളുടെ ഓക്ഷൻ പദ്ധതികൾ വില കയറ്റി വിളിച്ച് തകർക്കുകയും ചെയ്തു. ഖലീൽ അഹ്മദിൽ തിരിച്ചടി ലഭിച്ചെങ്കിലും ഡൽഹിയുടെ ലേലം മികച്ചുനിന്നു. (ipl team delhi capitals)

ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നീ താരങ്ങളെയാണ് ഡൽഹി നിലനിർത്തിയത്. ലേലത്തിൽ ചില മികച്ച മോഷണങ്ങൾ അവർ നടത്തി. ഇതിൽ എടുത്തുപറയേണ്ടത് ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിൻ്റെ പേരാണ്. വെറും ഒരേയൊരു മോശം സീസൺ പറയാനുള്ള വാർണറെ അവർ ടീമിലെത്തിച്ചത് വെറും 6 കോടി 25 ലക്ഷം രൂപയ്ക്കാണ്. ഐപിഎലിൽ 150 മത്സരങ്ങൾ കളിച്ച് 140 സ്ട്രൈക്ക് റേറ്റിൽ 5449 റൺസ് അടിച്ചുകൂട്ടിയിട്ടുള്ള താരമാണ്. 41 ആണ് ശരാശരി. 3 തവണ ഓറഞ്ച് ക്യാപ്പ് ഐപിഎലിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ. വയസ് 35 ആയെങ്കിലും രണ്ട് വർഷം കൂടിയെങ്കിലും വാർണർ കളിക്കും. ദീർഘകാല നിക്ഷേപമായി കണക്കാക്കാൻ കഴിയില്ല. പക്ഷേ, ഈ വിലയ്ക്ക് വാർണർ ലോട്ടറി തന്നെയാണ്.

ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ആണ് മറ്റൊരു മികച്ച ബയ്. ആറരക്കോടി രൂപയ്ക്കാണ് മാർഷിനെ ഡൽഹി ടീമിലെത്തിച്ചത്. ഐപിഎലിൽ അത്ര നല്ല റെക്കോർഡ് അല്ലെങ്കിലും സമീപകാലത്ത് ഓസ്ട്രേലിയക്കായി മൂന്നാം നമ്പറിൽ ഗംഭീര പ്രകടനങ്ങളാണ് മാർഷ് നടത്തുന്നത്. 35 ഇന്നിംഗ്സുകളിൽ നിന്ന് 31 ശരാശരിയിൽ 885 റൺസാണ് മാർഷ് ഓസ്ട്രേലിയക്കായി നേടിയിരിക്കുന്നത്. 125 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. ഈയടുത്താണ് മാർഷ് മൂന്നാം നമ്പറിൽ ഇറങ്ങാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ കണക്കുകൾ സമീപകാലത്തെ മാർഷിൻ്റെ പ്രകടനത്തെ സാധൂകരിക്കുന്നതല്ല. കേട്ടറിവിനെക്കാൾ വലുതാണ് മാർഷ് എന്ന താരം. ബൗളിംഗ് പരിഗണിക്കുമ്പോഴും മാർഷ് നല്ല ഒരു താരം തന്നെയാണ്. 20 ഇന്നിംഗ്സുകളിൽ നിന്ന് 7.6 എക്കോണമിയിൽ 15 വിക്കറ്റുകളാണ് താരം ഓസ്ട്രേലിയക്കായി നേടിയിട്ടുള്ളത്. ഐപിഎലിൽ 19 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ നേടി. എക്കോണമി 8.

വെറും 2 കോടി രൂപയ്ക്ക് മുസ്തഫിസുർ റഹ്മാനെ വാങ്ങിയതും അതിഗംഭീരമായിരുന്നു. കഴിഞ്ഞ സീസണിൽ സ്ട്രൈക്ക് ബൗളർമാരൊന്നും ഇല്ലാതിരുന്ന രാജസ്ഥാൻ റോയൽസിനെ താങ്ങിനിർത്തിയത് മുസ്തഫിസുറിൻ്റെ ഡെത്ത് ഓവറുകളായിരുന്നു. 38 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 7.8 എക്കോണമിയിൽ 38 വിക്കറ്റുകളാണ് ഐപിഎലിൽ മുസ്തഫിസുറിനുള്ളത്. താരത്തെ രാജസ്ഥാൻ വിട്ടുകളഞ്ഞത് അത്ഭുതപ്പെടുത്തി. 26 വയസ്സ് മാത്രം പ്രായമായ മുസ്തഫിസുർ ഒരു ദീർഘകാല നിക്ഷേപം കൂടിയാണ്.

റോവ്‌മൻ പവൽ വിൻഡീസിലെ എണ്ണമറ്റ കൂറ്റനടിക്കാരിൽ ഒരാളാണ്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ രാജ്യാന്തര ടി-20 സെഞ്ചുറി കണ്ടവർക്കറിയാം ആ ബാറ്റിൻ്റെ പവർ. വെറും 2.80 കോടി രൂപയ്ക്കാണ് റോവ്മാനെ ഡൽഹി ലേലം കൊണ്ടത്. മീഡിയം പേസർ കൂടിയാണെന്നത് മറ്റൊരു ആശ്വാസം. രാജ്യാന്തര ടി-20യിൽ 28 ഇന്നിംഗ്സുകൾ കളിച്ച റോവ്‌മൻ 23 ശരാശരിയിൽ 524 റൺസാണ് നേടിയിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് 133.

വെറും 50 ലക്ഷം രൂപയ്ക്ക് ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡിയെ റാഞ്ചിയതാണ് ഡൽഹിയുടെ മറ്റൊരു നേട്ടം. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ചിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 8.3 ശരാശരിയിൽ 25 വിക്കറ്റുകളും എങ്കിഡി നേടി. 50 ലക്ഷം രൂപയ്ക്ക് എങ്കിഡിയെ വാങ്ങുക എന്നാൽ അത് വമ്പൻ ലാഭമാണ്. നോർക്കിയ ഉള്ളപ്പോൾ എത്ര മത്സരങ്ങളിൽ താരത്തിന് അവസരം കിട്ടുമെന്നത് സംശയമാണെങ്കിലും ഡൽഹി കളമറിഞ്ഞാണ് കളിച്ചത്.

കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസ് സ്കൗട്ടിംഗിലൂടെ കണ്ടെത്തിയ ചേതൻ സക്കരിയക്കായി ഡൽഹി മുടക്കിയത് 4.20 കോടി രൂപയാണ്. ഫൈനൽ ഇലവനിൽ ഉറപ്പുള്ള താരമെന്ന നിലയിൽ ഈ വില വളരെ ന്യായമാണ്. 4 കോടി വരെ രാജസ്ഥാൻ ശ്രമിച്ചെങ്കിലും ഡൽഹി 4.20 വിളിച്ച് സക്കരിയയെ ഒപ്പം കൂട്ടി. കഴിഞ്ഞ സീസണിൽ രാജസ്ഥാനു വേണ്ടി വളരെ മികച്ച പ്രകടനങ്ങളാണ് സക്കരിയ നടത്തിയത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ കളിച്ചു. ഡെത്ത് ഓവറുകൾ അടക്കം എറിഞ്ഞ് 8.19 ശരാശരിയിൽ 14 വിക്കറ്റുകളും സക്കരിയ നേടി.

മധ്യനിരയിൽ കരുത്തുപകരാൻ മൻദീപ് സിംഗ് (1.10 കോടി), സർഫറാസ് ഖാൻ (20 ലക്ഷം), അശ്വിൻ ഹെബ്ബാർ (20 ലക്ഷം) എന്നിവരെയും ഡൽഹി ടീമിലെത്തിച്ചു. ഒറ്റനോട്ടത്തിൽ തരക്കേടില്ല എന്നാണ് തോന്നുന്നതെങ്കിലും അശ്വിൻ ഹെബ്ബാർ ആളിത്തിരി പിശകാണ്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാമ്പിൽ തന്നെയുണ്ടായിരുന്ന അശ്വിൻ്റെ കഴിവ് അവർക്ക് നന്നായി അറിയാം. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രക്കായി ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു. 53 പന്തിൽ നേടിയ 103 നോട്ടൗട്ടും ഇതിൽ പെടും.

ദീപക് ചഹാറിനായി 10 കോടി 75 ലക്ഷം രൂപ മുടക്കിയതാണ് ഡൽഹിക്ക് പറ്റിയ ഒരു അബദ്ധം. പാർട്ണർഷിപ്പ് ബ്രേക്കർ ആണെങ്കിലും റൺസ് ലീക്ക് ചെയ്യുന്നത് ഒരു പ്രശ്നമാണ്. ലിമിറ്റഡ് ഓവറുകളിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ശർദ്ദുൽ അത്ര ഗംഭീര പ്രകടനങ്ങളല്ല നടത്തുന്നത്. 60 ഐപിഎൽ മത്സരങ്ങൾ കളിച്ച ശർദ്ദുൽ ഏകദേശം 9 എക്കോണമിയിൽ നേടിയത് 67 വിക്കറ്റുകളാണ്. രാജ്യാന്തര ടി-20യിൽ 23 മത്സരങ്ങളിൽ നിന്ന് 9 എക്കോണമിയിൽ 31 വിക്കറ്റുകളുണ്ട്. മിഡിൽ ഓവർ ബൗളർ ആയാണ് ശർദ്ദുലിനെ പരിഗണിക്കുന്നത്. എന്നാൽ, അവിടെ ഓവറിൽ 9 റൺസ് വിട്ടുനൽകുന്ന ബൗളർ എന്നത് അത്ര മികച്ച റെക്കോർഡ് അല്ല. ബാറ്റിംഗ് പരിഗണിക്കുമ്പോൾ ഐപിഎലിൽ 14 ഇന്നിംഗ്സുകളിൽ 112 സ്ട്രൈക്ക് റേറ്റിൽ 53 റൺസ് നേടിയിട്ടുള്ള ശർദ്ദുലിന് രാജ്യാന്തര മത്സരങ്ങളിൽ കുറച്ചുകൂടി മെച്ചപ്പെട്ട കണക്കുകളുണ്ട്. 6 ഇന്നിംഗ്സുകളിൽ നിന്ന് 69 റൺസുണ്ട്. 181 ആണ് സ്ട്രൈക്ക് റേറ്റ്.

ഖലീൽ അഹ്മദിനെ 5.25 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും തിരിച്ചടിയാണ്. മുംബൈയുടെ ലേലം വിളിയെ ഹൈജാക്ക് ചെയ്യാനായിരുന്നു ശ്രമമെങ്കിലും മുംബൈ പിന്മാറിയതോടെ ഖലീൽ ഡൽഹിയിലെത്തുകയായിരുന്നു. 24 ഐപിഎൽ മത്സരങ്ങളിൽ 8.7 എക്കോണമിയിൽ 32 വിക്കറ്റുകളാണ് ഖലീലിനുള്ളത്. തരക്കേടില്ലാത്ത താരമാണെങ്കിലും 5.25 കോടി രൂപ അധികമാണ്.

അണ്ടർ 19 ലോകകപ്പ് ടീമിലുണ്ടായിരുന്ന വിക്കി ഓസ്‌വാൾ എന്ന ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നർ ആവും ഡൽഹിയുടെ സർപ്രൈസ് പാക്കേജ്. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായിരുന്നു. ഓസ്‌വാളിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെടുത്തത്. താരത്തിനായി മറ്റാരും ശ്രമിക്കാതിരുന്നത് അമ്പരപ്പിച്ചു.

ലോവർ ഓർഡറിൽ അടിച്ചുതകർക്കാൻ ലളിത് യാദവ് (65 ലക്ഷം), റിപൽ പട്ടേൽ (20 ലക്ഷം) എന്നിവരും ഡൽഹിക്കുണ്ട്. രണ്ടും നല്ല വാങ്ങലുകൾ. കുൽദീപ് യാദവ് (2 കോടി രൂപ), കമലേഷ് നഗർകൊടി (1.10 കോടി), പ്രവീൺ ദുബെ (50 ലക്ഷം), ടിം സെയ്ഫെർട്ട് (50 ലക്ഷം), എസ് ഭരത് (2 കോടി), അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ (50 ലക്ഷം) എന്നിവരും ഡൽഹിയിലുണ്ട്.

Story Highlights: ipl team review delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here