Advertisement

ആറ്റുകാല്‍ ഭക്തിസാന്ദ്രം; പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു

February 17, 2022
Google News 1 minute Read

ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു. ഇനി രാത്രിയോടുകൂടി സമീപത്തുള്ള ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതില്‍ 25 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. അകമ്പടി സേവിക്കാനായി മറ്റ് വാഹനങ്ങളുമുണ്ടാവില്ല. നാളെ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് തിരിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളിപ്പുമുണ്ടാവും. തുടര്‍ന്ന് കാപ്പഴിക്കല്‍ ചടങ്ങ് നടത്തും. അതോടുകൂടി പത്ത് ദിവസം നീണ്ടുനിന്ന ആറ്റുകാല്‍ മഹോത്സവത്തിന് സമാപനമാകും.

1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വീടുകളിലാണ് ഇത്തവണ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്.

Read Also : ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടും

കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത്തവണ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1200ല്‍ അധികം പൊലീസുകാര്‍, നഗരസഭാ ജീവനക്കാര്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്സ് അധികൃതര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്.

1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കുകയായിരുന്നു. പൊങ്കാലയില്‍ ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്.

Story Highlights: Attukal Pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here