തോട്ടട ബോംബേറ്; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചാകും.
കഴിഞ്ഞ ദിവസം മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശി സനൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോംബിനൊപ്പം വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി പ്രതികൾ വിവാഹ സ്ഥലത്ത് എത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കണ്ണൂർ എസ്പിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
Read Also : തോട്ടട ബോംബേറ്; മൂന്ന് പേർ കൂടി അറസ്റ്റിൽ
ബോംബ് നിർമ്മിച്ചത് താനാണെന്ന് നേരത്തെ പിടിയിലായ മിഥുൻ സമ്മതിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ മിഥുൻ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുൽ എന്നിവർ ബോംബ് നിർമ്മിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുൻ എടക്കാട് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഏച്ചൂർ സ്വദേശി ഗോകുൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. കേസിൽ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിൻറെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
Read Also : കണ്ണൂർ ബോംബാക്രമണം; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ
ബോംബുമായി എത്തിയ സംഘത്തിൽപ്പെട്ട ആളാണ് മരിച്ച ജിഷ്ണു. സംഘം എറിഞ്ഞ ബോംബ് അബദ്ധത്തിൽ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നു. കേസിൽ പിടിയിലായവർ മരിച്ചയാളുടെ സുഹൃത്തുക്കളാണ്. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.
Story Highlights: kannur bomb blast one more custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here