Advertisement

മുത്തലാഖ് നിരോധന നിയമം; സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി മോദി

February 18, 2022
Google News 2 minutes Read

മുത്തലാഖ് നിരോധന നിയമത്തില്‍ രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും, സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്നും യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള മുസ്ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം എനിക്ക് ലഭിക്കുന്നുണ്ട്. കാരണം അവരെ സംരക്ഷിക്കാന്‍ ഞാന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. തന്റെ സഹോദരിമാര്‍ പെട്ടെന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അവരുടെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവര്‍ എവിടെ പോകും?. വിവാഹമോചനത്തിന് ശേഷം സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെ, സഹോദരന്റെ അടുത്തേക്ക് അയക്കുന്നത് ഒന്ന് ചിന്തിക്കൂ. പക്ഷെ ഇവിടുത്തെ പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ക്കുകയാണ്. മുത്തലാഖ് എന്ന സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്ലിം സഹോദരിമാരെ നാം മോചിപ്പിച്ചു. മുസ്ലിം സഹോദരിമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഇവിടുത്തെ മറ്റ് പാര്‍ട്ടിക്കാര്‍ അസ്വസ്ഥരായി. മുസ്ലിം പെണ്‍മക്കളെ പുരോഗതിയില്‍ നിന്ന് തടയാന്‍ അവര്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമാണ്,’ മോദി വ്യക്തമാക്കി.

Read Also : പഞ്ചാങ്കം: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യ പ്രചരണം ഇന്നവസാനിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലെയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 59 സീറ്റുകളിലേക്കാണ് ഫെബ്രുവരി 20ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളിലുള്ളവരാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തിലെത്തുക.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ അടക്കം മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്ന് പ്രചാരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചു. 623 സ്ഥാനാര്‍ത്ഥികളാണ് 59 സീറ്റുകളിലായി ജനവിധി തേടുന്നത്. ഇതില്‍ 103 സ്ഥാനാര്‍ത്ഥികളും ഗുരുതരമായ കുറ്റക്യത്യങ്ങളില്‍ ആരോപണവിധേയരാണെന്നതാണ് ഏറെ ശ്രദ്ധേയം.

ബിജെപിയെ സംബന്ധിച്ച് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കുപന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10നാണ് അറിയുക.

Story Highlights: Muthalaq Prohibition Act; Prime Minister Modi says government is with Muslim women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here