അമരീന്ദര്‍ സിംഗിനെ പുറത്താക്കിയത് എന്തുകൊണ്ടാണ്?; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളാത്തതാണ് അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫത്തേഗഡ് സാഹിബിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
‘എന്തുകൊണ്ടാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിന് പോകേണ്ടിവന്നത്? അതെല്ലാം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. പക്ഷേ ഇന്ന് ഞാന്‍ നിങ്ങളോട് എല്ലാം പറയുകയാണ്. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളാന്‍ വിസമ്മതിച്ചതിനാലാണ് അമരീന്ദറിനെ നീക്കം ചെയ്യേണ്ടിവന്നത്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് സെപ്തംബറിലാണ് പാര്‍ട്ടി വിട്ടത്. വൈകാതെ തന്നെ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചിരുന്നു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
Read Also : പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗം; ചന്നിയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് പ്രിയങ്കാ ഗാന്ധി
ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് അമരീന്ദറിന്റെ പുതിയ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പട്യാല മണ്ഡലത്തില്‍ നിന്നാണ് അമരീന്ദര്‍ സിംഗ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് തന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ബിജെപിയുടെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങുകയെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: rahul gandhi, punjab election 2022, amarindhar singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here