വന്യജീവി ആക്രമണ നഷ്ടപരിഹാര തുക നാലാഴ്ചയ്ക്കകം പുനര്‍ നിര്‍ണയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

വന്യജീവി ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക ജീവിതച്ചെലവിനെയും കൃഷി നടത്തിപ്പിലെ വര്‍ധിച്ചു വരുന്ന ചെലവിനെയും അടിസ്ഥാനപ്പെടുത്തി പുനര്‍നിശ്ചയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പരിഷ്‌ക്കരിക്കുന്ന ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി വനം വന്യജീവി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
2015 ജനുവരി 8 ലെ ജിഒ (എംഎസ് 02/2015/വനം) ഉത്തരവ് അനുസരിച്ചാണ് ഇന്നും വന്യജീവി ആക്രമണം കാരണമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ഈ ഉത്തരവ് 2014 സെപ്റ്റംബര്‍ 4ന് മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പരിഷ്‌ക്കരിക്കപ്പെട്ടതാണ്. 2004 ഏപ്രില്‍ 6ന് ജിഒ (എം.എസ്) 96/2004/അഗ്രി എന്ന കൃഷി വകുപ്പിന്റെ ഉത്തരവാണ് 2015 ലെ സര്‍ക്കാര്‍ ഉത്തരവിന് അടിസ്ഥാമായി മാറിയത്.
കൃഷി ചെലവുകളും അനുബന്ധ ജീവിത ചെലവുകളും വര്‍ധിച്ച സാഹചര്യത്തില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള നഷ്ടപരിഹാര നിരക്ക് തന്നെ ഇപ്പോഴും നല്‍കുന്നത് വിരോധാഭാസമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാര തുകയിലെ വര്‍ധനവെങ്കിലും ഒരു പരിധിവരെ തുണയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
വടശ്ശേരിക്കര കുമ്പളത്താമണ്‍ സ്വദേശി ജോര്‍ജ് വര്‍ഗ്ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വന്യ ജീവികള്‍ കാരണം 25 ലക്ഷത്തിന്റെ കൃഷിനാശം സംഭവിച്ച പരാതിക്കാരന് കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അനുവദിച്ചത് 54725 രൂപയാണ്. ഇതിനെതിരെയാണ് പരാതിക്കാരന്‍ വീണ്ടും കമ്മീഷനെ സമീപിച്ചത്. 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പുതുക്കുമ്പോള്‍ മുന്‍കാല പ്രാബല്യം നല്‍കി പരാതിക്കാരന് നല്‍കിയ നഷ്ട പരിഹാരം പുനരവലോകനം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 2015 ജനുവരി 8 ലെ സര്‍ക്കാര്‍ ഉത്തരവ് നാലാഴ്ചയ്ക്കകം പുനര്‍ നിശ്ചയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Story Highlights: Wildlife Attack Compensation Must Be Re-Assigned within Four Weeks: Human Rights Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here