Advertisement

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പൊലീസ് സുരക്ഷ

February 19, 2022
Google News 2 minutes Read
deepu murder

സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശങ്ങളില്‍ കര്‍ശന പൊലീസ് സുരക്ഷയേര്‍പ്പെടുത്തി. 300 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.

അതേസമയം ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെത്തിച്ച് പൊതുദര്‍ശനത്തിനുവെയ്ക്കും. വിലാപ യാത്രയായിട്ടാകും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക.

കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം ആസൂത്രിതമെന്നായിരുന്നു ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണം. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

Read Also : ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ല; സാബു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം

എന്നാല്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍ തള്ളി. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജന്‍ പറഞ്ഞു. സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദര്‍ശന്‍ പ്രതികരിച്ചു. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്. ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണെന്നും സിപിഐഎം ആരോപിച്ചു.

Story Highlights: deepu murder, twenty-twenty, cpim, kizhakambalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here