ഇന്ത്യ വിൻഡീസ് അവസാന ടി20 നാളെ; ഗെയ്ക്വാദും അയ്യരും കളിച്ചേക്കും

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊൽക്കത്തയിൽ നടക്കും. മുൻ ക്യാപ്റ്റൻ വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിക്കും. ഋതുരാജ് ഗെയ്ക്വാദും ശ്രേയസ് അയ്യരും പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചേക്കും. രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 8 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ലോകേഷ് രാഹുലിന്റെ അഭാവത്തിൽ എത്തിയ ഇഷാൻ കിഷൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ 42 പന്തിൽ 35 റൺസ് നേടിയ ഇഷാന് രണ്ടാം മത്സരത്തിൽ 10 പന്തിൽ രണ്ട് റൺസ് മാത്രമാണ് നേടാനായത്. കിഷന് പകരം ഗെയ്ക്വാദിനെ ഉൾപ്പെടുത്തിയേക്കും. ഇനി മുംബൈ ഇന്ത്യൻസ് ടീമിലെ സഹതാരത്തിന് രോഹിത് ഒരവസരം കൂടി നൽകുമോ എന്ന് കണ്ടറിയണം. മധ്യനിരയിൽ കോലിക്ക് പകരം ശ്രേയസ് ടീമിലെത്തും.
ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ കളിക്കാരനായ അയ്യർ ആദ്യ രണ്ട് മത്സരങ്ങളിൽ ഉൾപ്പെട്ടില്ലെങ്കിലും അവസാന മത്സരത്തിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡ പരീക്ഷിക്കപ്പെടുമോ എന്ന് കണ്ടറിയണം.
ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും അഭാവത്തിൽ ഭുവനേശ്വർ കുമാറിനെയും ഹർഷൽ പട്ടേലിനെയും ഇന്ത്യ പരീക്ഷിക്കും. രോഹിത് ബൗളിംഗ് കൂട്ടുകെട്ടിൽ മാറ്റം വരുത്തി മുഹമ്മദ് സിറാജിന് അവസരം നൽകുമോ എന്ന് കണ്ടറിയണം. അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആവേശ് ഖാനും ഒരു ഓപ്ഷനാണ്. വിൻഡീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ ടി20വപരമ്പര കളിക്കേണ്ടതുണ്ട്. കോലി ശ്രീലങ്കയ്‌ക്കെതിരായ ടി20 കളിക്കില്ല. എന്നാൽ ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തും.
മറുവശത്ത്, സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെ 3-2ന് പരാജയപ്പെടുത്തിയ വെസ്റ്റ് ഇൻഡീസ് നിലവിലെ ഇന്ത്യൻ പര്യടനത്തിൽ ആദ്യ ജയം തേടിയാണ് നാളെ ഇറങ്ങുന്നത്. ഏകദിന പരമ്പരയും 0-3ന് ടീം തോറ്റു.
Story Highlights: ind-vs-wi-3rd-t20-sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here