സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍, രഹാനയും പൂജാരയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളില്‍ രോഹിത് ശര്‍മ്മ തന്നെയാകും ടീമിനെ നയിക്കുക. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെ.എല്‍. രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
മുന്‍ നായകന്‍ വിരാട് കൊഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ട്വന്റി20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് ടെസ്റ്റ്, ട്വന്റി20 ടീമുകളില്‍ ഇടംപിടിച്ചു. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.
Read Also : പവൽ വെടിക്കെട്ടിലും പതറാതെ ഇന്ത്യ; അവസാന ഓവറിൽ ആവേശ ജയം
ഫെബ്രുവരി 24ന് ലക്‌നൗവിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടും മൂന്നും മത്സരങ്ങള്‍ ഫെബ്രുവരി 26, 27 തീയതികളിലായി ധരംശാലയിലും അരങ്ങേറും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ മൊഹാലിയിലാണ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലും നടക്കും.
ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.
ഇന്ത്യന്‍ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.
Story Highlights: Sanju Samson in the Indian Twenty20 team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here