Advertisement

ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ

February 19, 2022
Google News 1 minute Read

ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വന്‍മരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്.

ഷാര്‍ജയുടെ കാര്‍ഷിക ഉപനഗരമായ അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പ്രകൃതിതന്നെ കാടുകള്‍ക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയിലാണ് കാര്‍ഷിക മേഖലയ്ക്കടുത്ത് സ്ഥലം തിരഞ്ഞെടുത്തത്. എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്. നിലവില്‍ ചെറിയതോതില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്ക് വിപുലീകരിച്ചാണ് ഷാര്‍ജ സഫാരിപാര്‍ക്ക് ആയി മാറിയത്.

എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. 40 ദിര്‍ഹം മുതല്‍ 275 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഇക്കോ ടൂറിസം, സാംസ്‌കാരിക പൈതൃകം, ചരിത്രസ്ഥലങ്ങള്‍, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാര്‍ക്കിന്റെയും വികസനം. രാജ്യത്തെ ടൂറിസം മേഖലയില്‍ വലിയചലനം സൃഷ്ടിക്കാന്‍ സഫാരിപാര്‍ക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കന്‍ വന്യജീവികളെ ആഫ്രിക്കയില്‍ പോകാതെതന്നെ കാണാനുള്ള സുവര്‍ണാവസരമാണിത്.

Story Highlights: world biggest safari park sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here