Advertisement

വിദ്യാർത്ഥികളടക്കം യുക്രൈൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

February 20, 2022
2 minutes Read

വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും യുക്രൈൻ വിടണമെന്ന് നിർദേശം നൽകി ഇന്ത്യൻ എംബസി. വിമാന സൗകര്യം ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. യുക്രൈൻ-റഷ്യ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. പ്രത്യേക വിമാന സർവീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളടക്കം മടങ്ങാൻ തയാറാകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

ഇന്ത്യക്കും യുക്രൈനുമിടയില്‍ എയര്‍ ഇന്ത്യ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22, 24, 26 തീയതികളിലാകും സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്‍റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാന സര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.

യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്നാണ് ഇന്ത്യൻ നിലപാട്. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേ സമയം റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായി യുക്രൈൻ സൈന്യം നിലയുറപ്പിച്ചതോടെ മേഖല യുദ്ധഭീതിയിലാണ്. യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും ആശങ്ക വര്‍ധിപ്പിച്ച് റഷ്യ മിസൈൽ പരീക്ഷണം നടത്തിയിരുന്നു . ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്.

Read Also : യുദ്ധഭീതിയില്‍ യുക്രൈന്‍; ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ച് റഷ്യ

ഇതിനിടെ 75 വർഷത്തിനിടെ ലോകം കണ്ട വലിയ ആക്രമണത്തിനാണ് റഷ്യ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഇന്നോളം ലോകം കാണാത്ത കടുത്ത ഉപരോധമാകും റഷ്യ അനുഭവിക്കേണ്ടി വരികയെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മുന്നറിയിപ്പ്.
അതിനിടെ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. ശനിയാഴ്ച വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് 70 പ്രാവശ്യം വെടിയുതിർത്തുവെന്നാണ് യുക്രൈയിന്‍ സൈന്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

Story Highlights: Indian Embassy urges nationals to leave Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top