Advertisement

ഐപിഎൽ ടീം വിശകലനം; തുടക്കക്കാരന്റെ പതർച്ചയിൽ ഗുജറാത്ത്

February 20, 2022
2 minutes Read
ipl team gujarat titans

വരുന്ന സീസൺ മുതൽ ഐപിഎൽ കളിക്കുന്ന രണ്ട് ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്. തുടക്കക്കാരൻ്റെ പതർച്ച ആദ്യ ലേലത്തിലും ഗുജറാത്ത് കാണിച്ചു. ലേലത്തിനു മുൻപ് ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ എന്നിവരെ ടീമിലെത്തിച്ച ഗുജറാത്ത് ലേലത്തിൽ ചില മികച്ച വാങ്ങലുകൾ നടത്തിയെങ്കിലും ആകെ ഒരു ആശങ്ക ഉണ്ടായിരുന്നു. ലേലം അവസാന റൗണ്ടിലാണ് അവർ രണ്ട് വിക്കറ്റ് കീപ്പർമാരെ ടീമിലെത്തിക്കുന്നത്. (ipl team gujarat titans)

ജേസൻ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, യാഷ് ദയാൽ എന്നിവരാണ് ഗുജറാത്ത് നടത്തിയ ശ്രദ്ധേയ വാങ്ങലുകൾ. ജേസൻ റോയിയെ വെറും 2 കോടി രൂപ മുടക്കി ടീമിലെത്തിച്ചത് ലോട്ടറിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഓപ്പണർമാരിൽ ഒരാളാണ് റോയ്. ഐപിഎൽ ഉൾപ്പെടെ ലോകത്തിലെ വിവിധ ടി-20 ലീഗുകളിൽ കളിച്ച പരിചയമുണ്ട്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിലായിരുന്ന റോയ് ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചിരുന്നു. 13 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 130 സ്ട്രൈക്ക് റേറ്റിൽ 329 റൺസാണ് റോയ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി 58 ടി-20കളിൽ വേഷമിട്ട റോയ് 143 സ്ട്രൈക്ക് റേറ്റിൽ 1446 റൺസും നേടിയിട്ടുണ്ട്.

6.25 കോടി രൂപയാണ് മുഹമ്മദ് ഷമിക്കായി ഗുജറാത്ത് മുടക്കിയത്. അത് ഒട്ടും കൂടുതലല്ല. പരിമിത ഓവറുകളിൽ ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറാണ് ഷമി. വർഷങ്ങളുടെ പരിചയസമ്പത്ത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ പഞ്ചാബ് കിംഗ്സിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ബാംഗ്ലൂരും ലക്നൗവും കൊൽക്കത്തയും ശ്രമിച്ചെങ്കിലും ഗുജറാത്ത് വിട്ടുകൊടുത്തില്ല. കഴിഞ്ഞ സീസണിൽ 4.80 കോടി ആയിരുന്നു ഷമിയുടെ തുക. 77 ഐപിഎൽ മത്സരങ്ങൾ കളിച്ച ഷമി 8.63 എക്കോണമിയിൽ 79 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 17 രാജ്യാന്തര ടി-20കളിൽ നിന്ന് 9.55 എക്കോണമിയിൽ 18 വിക്കറ്റുകളും താരം സ്വന്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു ടി-20 ബൗളർ എന്ന നിലയിൽ ഷമിയുടെ വളർച്ച അപാരമാണ്. യോർക്കറുകളും സ്ലോ ബോളുകളുമൊക്കെ ഷമി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കണക്കുകൾ ഷമിയുടെ സമീപകാല പ്രകടനങ്ങളെ ന്യായീകരിക്കുന്നില്ല.

ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസനായി ഗുജറാത്ത് 10 കോടി രൂപ പൊട്ടിച്ചു. ഡെത്ത് ഓവറുകളിലടക്കം ഉപയോഗിക്കാവുന്ന ബൗളറാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഫെർഗൂസനു വേണ്ടി ഗുജറാത്തിനൊപ്പം ഡൽഹി, ബാംഗ്ലൂർ, ലക്നൗ ടീമുകളാണ് രംഗത്തുണ്ടായിരുന്നത്. ഇവരെയൊക്കെ മറികടന്നാണ് ഗുജറാത്ത് കിവീസ് പേസറെ ടീമിലെത്തിച്ചത്. 22 ഐപിഎൽ മത്സരങ്ങളിൽ 8.12 എക്കോണമിയിൽ ഫെർഗൂസൻ 24 വിക്കറ്റ് നേടിയിട്ടുണ്ട്. രാജ്യാന്തര ടി-20കളിൽ 15 മത്സരങ്ങളിൽ നിന്ന് 7.13 എക്കോണമിയിൽ 25 വിക്കറ്റുകളുമുണ്ട്. സ്ലോഗ് ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന താരം കൂടിയാണ് ഫെർഗൂസൻ.

ഡേവിഡ് മില്ലറെ ഗുജറാത്ത് സ്വന്തമാക്കിയത് 3 കോടി രൂപയ്ക്കാണ്. ഇതും ഒരു മികച്ച വാങ്ങലാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മില്ലറിനായി രാജസ്ഥാൻ ഒന്ന് ശ്രമിച്ചതാണ്. പക്ഷേ, ഗുജറാത്ത് വിട്ടുകൊടുത്തില്ല. മില്ലറിന് എന്താണ് ചെയ്യാനാവുക എന്ന് ക്രിക്കറ്റ് ലോകത്തിനറിയാം. കില്ലർ മില്ലർ എന്നാണ് പ്രോട്ടീസ് താരത്തിൻ്റെ വിളിപ്പേര്. ഫിനിഷർ റോളിൽ പകരക്കാരനില്ലാത്ത താരം. 86 ഐപിഎൽ മത്സരങ്ങൾ, 136 സ്ട്രൈക്ക് റേറ്റ്, 1974 റൺസ്. എക്സ്പീരിയൻസും ടാലൻ്റുമുള്ള താരം. മില്ലറിനായി മറ്റ് ടീമുകൾ ശ്രമിക്കാതിരുന്നത് അതിശയമായി തോന്നി.

കർണാടകയുടെ അഭിനവ് മനോഹറിനായി കൊൽക്കത്ത, ഡൽഹി ടീമുകളാണ് ഗുജറാത്തിനോട് പോരടിച്ചത്. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അഭിനവിനെ ഒടുവിൽ 2.60 കോടി രൂപയ്ക്ക് ഗുജറാത്ത് തന്നെ ലേലം കൊണ്ടു. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്കായി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് അഭിനവിന് ഐപിഎലിലേക്കുള്ള വഴി തുറന്നത്. മധ്യനിരയിൽ അഭിനവ് മികച്ച ബാറ്ററാണ്. അനായാസം കൂറ്റൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവുമുണ്ട്.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുപി പേസർ യാഷ് ദയാലിനെ 3.20 കോടി രൂപ മുടക്കിയാണ് ഗുജറാത്ത് ലേലം കൊണ്ടത്. കഴിഞ്ഞ സീസൺ വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവുമധികം വിക്കറ്റ് നേടിയവരിൽ ഉൾപ്പെട്ട താരമാണ് ദയാൽ. ന്യൂബോൾ ബൗളറായ ദയാൽ മികച്ച സ്വിങ് ബൗളറാണ്.

മാത്യു വെയ്ഡ്, അൽസാരി ജോസഫ്, ഡോമിനിക് ഡ്രേക്സ്, സായ് സുദർശൻ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, രാഹുൽ തെവാട്ടിയ, ജയന്ത് യാദവ്, ഗുർകീരത് സിംഗ്, രവിശ്രീനിവാസൻ സായ് കിഷോർ, നൂർ അഹ്മദ് തുടങ്ങിയ മികച്ച താരങ്ങൾ കൂടി ഗുജറാത്തിലുണ്ട്.

Story Highlights: ipl team analysis gujarat titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top