ആക്രമികൾ ലക്ഷ്യംവച്ചത് സഹോദരനെ; ഹരിദാസിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

- ആക്രമികൾ ലക്ഷ്യം വച്ചത് സഹോദരൻ സുരേന്ദ്രനെ
- സുരേന്ദ്രനെ കിട്ടാതിരുന്നതോടെ പദ്ധതി മാറ്റി
തലശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ ആക്രമികൾ ലക്ഷ്യം വച്ചത് സഹോദരൻ സുരേന്ദ്രനെയായിരുന്നുവെന്ന് റിപ്പോർട്ട്. സുരേന്ദ്രനെ കിട്ടാതിരുന്നതോടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ( attackers aimed haridas brother )
ഇന്ന് രാവിലെയാണ് തലശേരി ന്യൂമാഹി പുന്നോലിൽ സിപിഐഎം പ്രവർത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളിയായ ഹരിദാസനെ പുലർച്ചെ ഒന്നരയോടെയാണ് അഞ്ചിലധികം പേരുൾപ്പെട്ട സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി -ആർഎസ്എസ് ആക്രമി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.
ഹരിദാസന്റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് നിരവധി വെട്ടുകളുണ്ച്. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഹരിദാസിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് അഞ്ചിലധികം പേർ ഉൾപ്പെട്ട സംഘം ആണെന്നും കൊലയാളികളെ കണ്ടാൽ തിരിച്ചറിയാമെന്നും ഹരിദാസന്റെ സഹോദരൻ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, കേസിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.
Read Also : ഹരിദാസിന്റേത് മൃഗീയ കൊലപാതകം, ചെയ്തത് പരിശീലനം നേടിയ ബിജെപി-ആർഎസ്എസ് സംഘം; കോടിയേരി
കൊലപാതകത്തിന് പിന്നാലെ സിപിഐഎം, ബിജെപി നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നു. ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വെയ്ക്കാൻ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആരോപിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം ബിജെപി കൗൺസിലർ നടത്തിയ ഭീഷണി പ്രസംഗം പുറത്ത് വന്നു. ബിജെപി കൗൺസിലർ കെ. ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്.എന്നാൽ സിപിഐഎം പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്നാണ് ബിജെപിയുടെ വാദം.
പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും, ന്യൂ മാഹി പഞ്ചായത്തിലും സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
Story Highlights: attackers aimed haridas brother, cpim, bjp, rss , murder, haridas murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here