ഐപിഎൽ ടീം വിശകലനം; തുടക്കം കലക്കി ലക്നൗ

ഐപിഎലിലെ പുതിയ രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. എന്നാൽ, തുടക്കക്കാരൻ്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ലക്നൗ ടീം ലേലത്തിൽ ഇടപെട്ടത്. ഗൗതം ഗംഭീറിലെ സമർത്ഥനായ ക്രിക്കറ്റ് ബ്രെയിൻ ലക്നൗവിൻ്റെ ലേലത്തിൽ തെളിഞ്ഞുകണ്ടു. ലോകേഷ് രാഹുലിനെ ലേലത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തി ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാക്കിയ ലക്നൗ യുവ സ്പിന്നർ രവി ബിഷ്ണോയ്, ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നീ മികച്ച രണ്ട് താരങ്ങളെക്കൂടി ക്യാമ്പിലെത്തിച്ചു. ലേലത്തിലും സമർത്ഥമായി ഇടപെടാൻ ലക്നൗവിനു സാധിച്ചു. (ipl lucknow super giants)
മനീഷ് പാണ്ഡെ, ക്വിൻ്റൺ ഡികോക്ക്, ജേസൻ ഹോൾഡർ, ദുഷ്മന്ത ചമീര, അവേഷ് ഖാൻ, കൃണാൽ പാണ്ഡ്യ എന്നിവരാണ് ലക്നൗവിൻ്റെ വാങ്ങലുകളിൽ ഏറെ ശ്രദ്ധേയം. 4.60 കോടി രൂപയാണ് മനീഷ് പാണ്ഡെയ്ക്കായി ലക്നൗ ചെലവഴിച്ചത്. മികച്ച ഒരു പർച്ചേസ്. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലുമൊക്കെ സ്ഥിരതയോടെ കളിക്കുന്ന താരം. മത്സരപരിചയവും കോപ്പിബുക്ക് ഷോട്ടുകളും കൈമുതലായുള്ള മികച്ച ഒരു മൂന്ന്/നാല് നമ്പർ താരം. ഒന്നാംതരം ഫീൽഡർ. എങ്ങനെ നോക്കിയാലും മനീഷ് പാണ്ഡെ ഒരു അസാമാന്യ ക്രിക്കറ്ററാണ്. 143 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 3560 ആണ് പാണ്ഡെയ്ക്കുള്ളത്. രാജ്യാന്തര ടി-20യിൽ 33 ഇന്നിംഗ്സുകളിൽ കളിച്ച പാണ്ഡെ 126 സ്ട്രൈക്ക് റേറ്റിൽ നേടിയത് 709 റൺസ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഒപ്പം കൂട്ടാൻ മുൻ ടീം ഹൈദരാബാദ്, ഡൽഹി എന്നിവരൊക്കെ ശ്രമിച്ചെങ്കിലും വിജയിച്ചത് ലക്നൗ ആണ്. കഴിഞ്ഞ സീസണുകളിൽ 11 കോടി രൂപയ്ക്കാണ് പാണ്ഡെ ഹൈദരാബാദിൽ കളിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡികോക്കിനെ 6.75 കോടി രൂപയ്ക്കാണ് ലക്നൗ ടീമിലെത്തിച്ചത്. പാണ്ഡെയെപ്പോലെ മറ്റൊരു മികച്ച താരം. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ. ഐപിഎലിലും രാജ്യാന്തര മത്സരങ്ങളിലും മികച്ച പ്രകടനങ്ങളും മത്സരപരിചയവും. ദേശീയ ടീമിനെ നയിച്ചുള്ള പരിചയം. ഡികോക്കും വളരെ മികച്ച ഒരു വാങ്ങലാണ്. 77 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 131 സ്ട്രൈക്ക് റേറ്റിൽ 2256 റൺസ് ആണ് ഡികോക്കിൻ്റെ സമ്പാദ്യം. രാജ്യാന്തര ടി-20യിൽ 61 ഇന്നിംഗ്സുകൾ കളിച്ച ഡികോക്ക് 135 സ്ട്രൈക്ക് റേറ്റിൽ 1827 റൺസ് നേടി. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഡികോക്കിനായി ചെന്നൈയും മുംബൈയും ഡൽഹിയും ശ്രമിച്ചെങ്കിലും ലക്നൗ വിട്ടുകൊടുത്തില്ല. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു ഡികോക്ക്.
Read Also : ഐപിഎൽ ടീം വിശകലനം; തുടക്കക്കാരന്റെ പതർച്ചയിൽ ഗുജറാത്ത്
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ജേസൻ ഹോൾഡർക്കായി ലക്നൗ 8.75 കോടി രൂപ ചെലവഴിച്ചു. കണ്ണുംപൂട്ടി പറയാം, ആ തുക ഹോൾഡർ അർഹിക്കുന്നത് തന്നെ. ഐപിഎൽ അടക്കം ലോകത്തിലെ വിവിധ ടി-20 ലീഗുകളിലും രാജ്യാന്തര തലത്തിലും പന്ത് കൊണ്ടും ബാറ്റ് കൊണ്ടും സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ഹോൾഡർ നടത്തുന്നത്. മികച്ച ഫീൽഡർ കൂടിയാണ് താരം. ദേശീയ ടീം ക്യാപ്റ്റനായിരുന്നു. 26 ഐപിഎൽ മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. 8.2 എക്കോണമിയിൽ നേടിയത് 35 വിക്കറ്റുകൾ. 34 രാജ്യാന്തര ടി-20യിൽ നിന്ന് 8.1 എക്കോണമിയിൽ 39 വിക്കറ്റുകൾ. ബാറ്റിംഗിലാവട്ടെ 16 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 121 സ്ട്രൈക്ക് റേറ്റിൽ 189 റൺസും 24 രാജ്യാന്തര ടി-20 ഇന്നിംഗ്സുകളിൽ നിന്ന് ഇത്ര തന്നെ സ്ട്രൈക്ക് റേറ്റിൽ 264 റൺസും ഹോൾഡർ നേടി. കഴിഞ്ഞ സീസണിൽ ബാലൻസ് കണ്ടെത്താനാവാതെ വിഷമിച്ച സൺറൈസേഴ്സ് ശാസം വിട്ടത് വെറും 75 ലക്ഷം രൂപയ്ക്ക് ഹോൾഡർ വന്നതിനു ശേഷമാണ്. ഒന്നരക്കോടി രൂപ രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി മുംബൈ, ചെന്നൈ, രാജസ്ഥാൻ എന്നീ ടീമുകളും ശ്രമിച്ചിരുന്നു.
ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് പ്രശംസിച്ച ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീരയ്ക്കായി ലക്നൗ മുടക്കിയത് 2 കോടി രൂപയാണ്. മുൻപ് രാജസ്ഥാനും ബാംഗ്ലൂരും ചമീരയെ ടീമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഐപിഎൽ കളിക്കാൻ താരത്തിനു കഴിഞ്ഞിട്ടില്ല. എങ്കിലും രാജ്യാന്തര ടി-20യിൽ ചമീര മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. 44 ടി-20കളിൽ നിന്ന് 7.86 എക്കോണമിയിൽ ചമീര നേടിയത് 45 വിക്കറ്റുകളാണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ചമീരയ്ക്കായി ബാംഗ്ലൂർ രംഗത്തുണ്ടായിരുന്നെങ്കിലും ലക്നൗ തന്നെ ഒടുവിൽ ചമീരയെ ടീമിലെത്തിക്കുകയായിരുന്നു.
ഇന്നലെ അവസാനിച്ച വിൻഡീസ് പര്യടനത്തിൽ ഇന്ത്യക്കായി അരങ്ങേറിയ അവേഷ് ഖാൻ ആണ് ലക്നൗവിൻ്റെ മറ്റൊരു ശ്രദ്ധേയ പർച്ചേസ്. 10 കോടി രൂപയാണ് ആ സമയത്ത് അൺകാപ്പ്ഡ് താരമായിരുന്ന അവേഷ് ഖാനു വേണ്ടി ലക്നൗ മുടക്കിയത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ കുതിപ്പിനു പിന്നിലെ സുപ്രധാന താരമായിരുന്നു അവേഷ്. സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം 7.37 എക്കോണമിയിൽ നേടിയത് 24 വിക്കറ്റ്. സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാമതായിരുന്നു താരം. ആകെ 25 ഐപിഎൽ മത്സരം കളിച്ച അവേഷ് 8.23 ശരാശരിയിൽ 29 വിക്കറ്റ് നേടിയിട്ടുണ്ട്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അവേഷിനായി ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ ലക്നൗവിനു വെല്ലുവിളി ഉയർത്തി. എന്നാൽ, ലക്നൗ വിട്ടുകൊടുത്തില്ല. കഴിഞ്ഞ സീസണുകളിൽ വെറും 70 ലക്ഷം രൂപയായിരുന്നു ഡൽഹിയിൽ അവേഷിൻ്റെ മൂല്യം.
ധാർഷ്ട്യം കൊണ്ട് വെറുപ്പ് സമ്പാദിച്ചിട്ടുള്ള താരമാണ് കൃണാൽ പാണ്ഡ്യ. 2016 മുതൽ മുംബൈ ഇന്ത്യൻസ് സെറ്റപ്പിലെ സുപ്രധാന താരമായിരുന്ന കൃണാലിനായി ലക്നൗ 8.25 കോടി രൂപ ചെലവഴിച്ചു. അഹങ്കാരിയെന്ന വിളിപ്പേരുണ്ടെങ്കിലും മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്തിയ താരമാണ് കൃണാൽ. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ തിളങ്ങുന്ന താരം. 81 ഐപിഎൽ ഇന്നിംഗ്സുകളിൽ പന്തൈറിഞ്ഞ കൃണാൽ 7.37 എക്കോണമിയിൽ 51 വിക്കറ്റ് നേടിയിട്ടുണ്ട്. രാജ്യാന്തര ടി-20യിൽ 19 ഇന്നിംഗ്സുകളിൽ നിന്ന് 8.11 എക്കോണയിൽ 15 വിക്കറ്റുകളും താരത്തിനുണ്ട്. ബാറ്റിംഗ് പരിഗണിക്കുമ്പോൾ 72 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 138 സ്ട്രൈക്ക് റേറ്റിൽ 1143 റൺസും രാജ്യാന്തര തലത്തിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 130 സ്ട്രൈക്ക് റേറ്റിൽ 124 റൺസും നേടി.
എവിൻ ലൂയിസ്, മനൻ വോഹ്റ, മാർക്ക് വുഡ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, മൊഹ്സിൻ ഖാൻ, അങ്കിത് രാജ്പൂത് തുടങ്ങിയ മികച്ച താരങ്ങളും ലക്നൗവിലുണ്ട്.
Story Highlights: ipl team lucknow super giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here