Advertisement

പി വി ശ്രീനിജന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി: പ്രതികരണവുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍

February 21, 2022
1 minute Read

ട്വന്റി ട്വന്റിക്കെതിരെ പി വി ശ്രീനിജന്‍ വ്യാജപരാതികള്‍ നല്‍കുകയാണെന്ന് കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന പരീത്. ദീപു കേസിലെ പ്രതിയ്‌ക്കൊപ്പമുള്ള എം എല്‍ എയുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പൊലീസ് നടപടി ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു മെമ്പറുടെ ആരോപണം. അസീസ് ചേലക്കുളമെന്ന പ്രതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് താന്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതെന്ന് റസീന പറഞ്ഞു. ഫോട്ടോയുടെ ഉറവിടം ഏതെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ചിത്രം സ്റ്റാറ്റസാക്കിയതെന്ന് പറഞ്ഞ ഇവര്‍ ചിത്രം വ്യാജമാണെന്ന ആരോപണങ്ങളെ പൂര്‍ണമായി തള്ളി. താന്‍ വ്യാജചിത്രം പ്രചരിപ്പിച്ചുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. ഒരുപാട് പേര്‍ ഈ ചിത്രം പങ്കുവെച്ചിട്ടും തനിക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഇവര്‍ പറഞ്ഞു.

പി വി ശ്രീനിജന്റെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന പരീതിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം റസീന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതായിരുന്നു എം എല്‍ എയുടെ പരാതിക്ക് ആധാരം. ദീപുവിന്റെ കൊലക്കേസ് പ്രതികള്‍ക്ക് ശ്രീനിജനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ച പശ്ചാത്തലത്തിലാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് തള്ളിയ എം എല്‍ എ തനിക്കെതിരായ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. കരള്‍രോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്.

Story Highlights: kizhakkambalam block member against pv srinijan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top