Advertisement

ഈ വിഴുപ്പുഭാണ്ഡം ഇനിയും എന്തിന് ചുമക്കണം, ലോകായുക്തയ്‌ക്കെതിരെ വീണ്ടും കെ.ടി. ജലീല്‍

February 21, 2022
Google News 2 minutes Read

അഭയക്കേസില്‍ വാദം നടക്കുന്ന സമയത്ത് ഒന്നാം അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയിലെ ഭാഗം ചൂണ്ടിക്കാട്ടി ലോകായുക്തയ്‌ക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് കെ.ടി. ജലീല്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജലീലിന്റെ വിമര്‍ശനം. ഈ വിഴുപ്പുഭാണ്ഡം ഇനിയും എന്തിന് ചുമക്കണം എന്ന ചോദ്യവുമായാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

നീതിയേയും സത്യത്തേയും ഇത്ര നഗ്‌നമായി മാനഭംഗപ്പെടുത്തിയ ഒരാള്‍ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം.
തന്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപന്‍ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറയുന്നു.

Read Also : പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

” ഇപ്പോഴത്തെ ലോകായുക്തയായ ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബിലെ അഡിഷണല്‍ ഡയറക്ടര്‍ ഡോ. മാലിനിയുടെ മുറിയില്‍ വെച്ച് 2008 മെയ് 24ന് കണ്ടതിന്റെ തെളിവുകള്‍ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ. മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ എസ്.പി നന്ദകുമാര്‍ നായര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് സി.ബി.ഐയുടെ പക്കലും കോടതിയിലുമുണ്ട്.

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ. മാലിനി ഈ വിവരം 2009 ഫെബ്രുവരി 6ന് സി.ബി.ഐക്ക് മൊഴിയായി നല്‍കിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സി.ബി.ഐ അറസ്റ്റു ചെയ്തതിന്റെ 6 മാസം മുമ്പാണ് നാര്‍കോ പരിശോധന നടത്തിയതിന്റെ വീഡിയോ കാണാന്‍ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബില്‍ എത്തിയത്. ” ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ ഉദ്ധരിച്ച് കെ.ടി. ജലീല്‍ വ്യക്തമാക്കി.

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ വി.വി അഗസ്റ്റിന്‍ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: KT Jalil again lashes out at Lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here