പെഗസിസ് റിപ്പോര്‍ട്ട് കൈമാറി; അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യം

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ ഇടക്കാല റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി. കേസ് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യം. മുദ്രവച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ഒരു സ്വതന്ത്ര അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടത്.
Read Also : പെഗസിസ് പ്രശ്നം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടിസ്
ഈ ബുധനാഴ്ച റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടിയിലേക്ക് പോകാനാണ് കോടതി ഉദേശിക്കുന്നത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്നതിനാല്‍ കോടതി അതുസംബന്ധിച്ച കാര്യങ്ങള്‍ പുറത്തു പറയുമോ എന്ന് തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.റാം അടക്കം പതിമൂന്ന് പേരുടെ മൊഴി ഇതിനോടകം വിദഗ്ധ സമിതി രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചോര്‍ത്തലിന് വിധേയമായി എന്നു കരുതുന്ന 13 സെല്‍ഫോണുകളും സമിതിക്ക് മുന്നിലെത്തിയിരുന്നു. അതിന്റെ പരിശോധന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരേ അതിരൂക്ഷമായി വിമര്‍ശനമാണ് സുപ്രിംകോടതി ഉയര്‍ത്തിയത്. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതി എന്താണ് പറയാന്‍ പോകുന്നത് എന്നത് തന്നെയാണ് നിര്‍ണായകം.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
Story Highlights: Pegasus handed over the report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here