ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.
Read Also : സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്
അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
Story Highlights: The court granted the actress request to join Dileep Petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here