തലശേരിയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ( cpim haridas murder 4 arrested )
ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റും, തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Also : ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്ത്; വിഡിയോ
ഇതിന് പിന്നാലെ തലശേരി ബിജെപി കൗൺസിലർ നേരത്തെ നടത്തിയ ഭീഷണിപ്രസംഗം പുറത്ത് വന്നു. കൗൺസിലർ കെ.ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
‘ കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഐഎം നേതാക്കൾക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ല’ ലിജേഷ് പറയുന്നു.
Story Highlights: cpim haridas murder 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here