Advertisement

ലോകായുക്ത ഓര്‍ഡിന്‍സ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

February 22, 2022
1 minute Read

ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സഭനിര്‍ത്തിവച്ച് ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി.

പ്രതിപക്ഷത്ത് തര്‍ക്കമുള്ളതിനാലാണ് വിഷയത്തില്‍ നോട്ടിസ് നല്‍കിയതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചുള്ള മറുപടി പ്രസംഗത്തില്‍ നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്തയുമായി ബന്ധപ്പെട്ട് 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് നിയസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കും സൃഷ്ടിക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് ഭയമോ മടിയോ ഇല്ലായെന്നും രാജീവ് പറഞ്ഞു.

ലോകായുക്തയുടെ ഒരു അധികാരവും എടുത്തുകളഞ്ഞിട്ടില്ല. ലോകായുക്തയിലെ 14-ാം വകുപ്പ് വിചിത്രമായ ഒന്നാണ്. അതാണ് ഭേദഗതി ചെയ്തത്. രാജ്യത്ത് ഒരിടത്തുമില്ലാത്ത നിയമമാണിത്. ലോക്പാലിലും ഇത്തരമൊരു നിയമമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നിയമമില്ല. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് വിവിധ പരിശോധനകള്‍ക്ക് ശേഷമാണ്. കേരള സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നതില്‍ തര്‍ക്കമില്ല. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ഇപ്പോഴത്തെ ഭേദഗതിയിലില്ലെന്നും രാജീവ് പറഞ്ഞു.

എന്നാല്‍ ഭേദഗതി ആദ്യം സിപിഐ മന്ത്രിമാരെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സണ്ണി ജോസഫ് തിരിച്ചടിച്ചു. കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തിയിട്ട് മതി നാട്ടുകാരെ ബോധ്യപ്പെടുത്തുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. സംസ്ഥാനത്ത് സര്‍വത്ര മേഖലയിലും അഴിമതികൊടികുത്തി വാഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി അഴിഞ്ഞാടുമ്പോഴാണ് കേന്ദ്രം വിജിലന്‍സ് നിയമം മാറ്റിയെഴുതിയത്. അങ്ങനെയൊരു സാഹചര്യമാണ് കേരളത്തിലുമുണ്ടായതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ലോകായുക്ത പല്ലുകൊണ്ടൊരു കടി കടിച്ചു. അതിന്റെ വേദനയിലാണ് ഇപ്പോള്‍ കാണിച്ചു കൂട്ടുന്നതെല്ലാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്നാല്‍ വീണ്ടും മറുപടി പറഞ്ഞ രാജീവ് സണ്ണി ജോസഫ് പുതുതായി ഒന്നും പറഞ്ഞില്ലെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപിയോട് ചേര്‍ന്നു നടത്തുന്ന പ്രചാരവേലകള്‍ ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. ലോക്പാല്‍ നിയമം പാസാക്കിയിട്ടും നിയമനം നടത്താത്തവരാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യുന്നതെന്നും പി.രാജീവ് പരിഹസിച്ചു. സ്റ്റാറ്റിയൂട്ടറി സംവിധാനത്തിന് ഭരണഘടനാ സംവിധാനത്തെ അയോഗ്യമാക്കാന്‍ കഴിയുമോയെന്നും മന്ത്രി ചോദിച്ചു. അതാണ് സര്‍ക്കാര്‍ പരിശോധിച്ചത്. പ്രതിപക്ഷമിപ്പോള്‍ പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബില്ല് സഭയില്‍ വരുമ്പോള്‍ വിശദമായ ചര്‍ച്ചയ്ക്ക് അവസരമുണ്ട്. അതിനാല്‍ അടിയന്തര പ്രമേത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദം മുന്‍നിര്‍ത്തി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനാണ് സര്‍ക്കാരിനെതിരേ വി.ഡി.സതീശന്‍ പ്രതിപക്ഷം സഭവിട്ടിറങ്ങിപോകുകയാണെന്ന് പ്രഖ്യാപിച്ചു.

Story Highlights: Lokayukta Ordinance; Urgent motion notice rejected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top