‘മുത്തലാഖ് നിർത്തലാക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ’; ജെ.പി നദ്ദ

മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്ന് ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ. സുപ്രീം കോടതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും, പ്രതിപക്ഷം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ബിജെപിക്ക് മാത്രമേ ഇത് യാഥാർത്ഥ്യമാക്കാൻ നിയമം കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു, എന്നാൽ പ്രീണന രാഷ്ട്രീയം കാരണം ആരും അതിൽ പ്രവർത്തിച്ചില്ല. പതിമൂന്നാം നൂറ്റാണ്ടിലെ ഈ ആചാരം പിൻവലിക്കാൻ മോദിജിക്ക് മാത്രമേ മനസ്സുണ്ടായിരുന്നുള്ളൂ,” ഡിയോറിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത നദ്ദ പറഞ്ഞു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ബിജെപി അധ്യക്ഷൻ ആഞ്ഞടിച്ചു. 2012-17 കാലത്ത് സംസ്ഥാനത്ത് 200 ഓളം കലാപങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുപിയിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും നദ്ദ അവകാശപ്പെട്ടു. ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങളെ ഊന്നിപ്പറഞ്ഞ നദ്ദ, നൂറ്റാണ്ടുകളുടെ ആഗ്രഹം നിറവേറ്റുന്നതിനാണ് അയോധ്യയിൽ “മഹാ” രാമക്ഷേത്രം നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ “രാജ്യദ്രോഹികളെയും കുറ്റവാളികളെയും” ജയിലിൽ അടച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ, ദീപാവലി, ഹോളി അവസരങ്ങളിൽ ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സർക്കാർ ഒരു പാചക വാതക സിലിണ്ടർ വീതം സൗജന്യമായി നൽകുമെന്ന് നദ്ദ ഉറപ്പ് നൽകി.
Story Highlights: modi-could-abolish-triple-talaq-practices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here