Advertisement

നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

February 22, 2022
Google News 2 minutes Read

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അത് ഉപകരിക്കുമെന്നും റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വളരെയധികം വഷളായിട്ടുണ്ട്. ആരോഗ്യകരമായ സംവാദത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകുമെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Read Also :തേടിയെത്തിയ ഭാഗ്യം; മധ്യപ്രദേശിലെ ഖനിയിൽ നിന്ന് കണ്ടെത്തിയത് ഒരു കോടിയിലധികം വിലമതിക്കുന്ന 26 കാരറ്റ് വജ്രം…

പാകിസ്ഥാന് ഇന്ത്യ ഒരു ശത്രുരാജ്യമായിത്തീര്‍ന്നതോടെ അവരുമായുള്ള വ്യാപാരബന്ധത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. അത് തിരുത്താനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. എല്ലാ രാജ്യങ്ങളുമായും നല്ല രീതിയില്‍ വ്യാപാര ബന്ധം പുലര്‍ത്തുകയെന്നതാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. പാകിസ്ഥാനിലെ ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദും അടുത്തിടെ സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇറാന്‍ യുഎസ് ഉപരോധത്തിന് കീഴിലാണെന്നും അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ പാകിസ്ഥാന്റെ പ്രാദേശിക വ്യാപാര ഓപ്ഷനുകള്‍ പരിമിതമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മോസ്‌കോ സന്ദര്‍ശനത്തിന്റെ തലേദിവസമായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിമുഖം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ചു പോകാനാവില്ല എന്ന നിലപാടാണ് ആദ്യം മുതലേ ഇന്ത്യ ഉയര്‍ത്തുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നും തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ തയ്യാറാകണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മുംബൈ, പത്താന്‍കോട്ട്, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ തീവ്രവാദികളെയും ഭീകരസംഘടനകളെയും അടിച്ചമര്‍ത്തണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം.

Story Highlights: Pakistan’s Prime Minister Imran Khan has said he wants to have a televised debate with Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here