പെഗാസസ് ഫോൺ ചോർത്തൽ; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു; കേസ് നാളെ പരിഗണിക്കും

ഇസ്രയേലി സ്പൈവെയർ പെഗാസസ് ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ അറിയിച്ചു.
ബുധനാഴ്ച ചീഫ് ജസ്റ്റിസ് (സിജെഐ) എൻ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് പരിശോധിക്കും. രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന് ആരോപിച്ചുള്ള ഹർജികൾ പരിശോധിച്ച കോടതി, കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി രൂപീകരിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ എട്ടാഴ്ചത്തെ സമയം നൽകുകയും ചെയ്തിരുന്നു.
സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്‌സ് പ്രൊഫസറും ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി ഡീനുമായ നവീൻ കുമാർ ചൗധരി, പ്രഭാഹരൻ പി, പ്രൊഫസർ (സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, അമൃത വിശ്വ വിദ്യാപീഠം, കേരളം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറുമായ അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് കോടതി നിയോഗിച്ച സമിതിയിലെ മറ്റ് അംഗങ്ങൾ.
സാങ്കേതികവും അന്വേഷണപരവുമായ വശങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങളിൽ മുൻ ഐപിഎസ് ഓഫീസർ അലോക് ജോഷിയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേർഡൈസേഷൻ/ഇന്റർനാഷണൽ ഇലക്‌ട്രോ-ടെക്‌നിക്കൽ കമ്മീഷൻ/ജോയിന്റ് ടെക്‌നിക്കൽ കമ്മിറ്റി എന്നിവയുടെ ഉപസമിതി അധ്യക്ഷൻ സൺദീപ് ഒബ്‌റോയിയും സാങ്കേതിക സമിതിയെ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ അന്വേഷണ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.
Story Highlights: pegasus-panel-submits-interim-report-in-sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here