പ്രകോപനത്തിന് റഷ്യ ഇപ്പോള്‍ തന്നെ കൊടുത്തത് വലിയ വില; റഷ്യന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു; വിപണിയില്‍ നഷ്ടം 20 ശതമാനത്തോളം

യുക്രൈന്‍ അതിര്‍ത്തിയിലെ പ്രകോപനത്തിന് റഷ്യന്‍ സമ്പദ് രംഗം ഇപ്പോള്‍ത്തന്നെ നല്‍കിക്കഴിഞ്ഞത് വലിയ വില. അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയായിരുന്നു. റഷ്യന്‍ സമ്പദ് രംഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടണ്‍ ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ റഷ്യ ഇനിയും കനത്ത തിരിച്ചടികള്‍ നേരിടേണ്ടതായി വരും.
തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. റഷ്യന്‍ ഓഹരികളുടെ മൂല്യത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. യു എസ് ഡോളറിനെതിരായി റുബിളിന്റെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം. റഷ്യന്‍ ഇക്വിറ്റികളെ ന്യൂട്രല്‍ എന്നതില്‍ നിന്നും ഓവര്‍വെയിറ്റ് എന്ന നിലയിലേക്ക് വാള്‍ സ്ട്രീറ്റ് ബാങ്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.
റഷ്യയ്ക്ക് ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. അധിനിവേശം ആരംഭിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടണ്‍ ഉപരോധത്തിനുള്ള തീരുമാനം ഉടന്‍ ഹൗസ് ഓഫ് കോമണ്‍സിന് മുന്നില്‍ വെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നിന്ന് മൂലധനനേട്ടമുണ്ടാക്കുന്ന റഷ്യന്‍ കമ്പനികളെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ബ്രിട്ടണ്‍ കടക്കാനിരിക്കുകയാണ്.
യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ റഷ്യന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമാധാന നീക്കങ്ങള്‍ക്ക് റഷ്യ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു. അധിനിവേശ ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ റഷ്യ വലിയ വിലകൊടുക്കേണ്ടിവരുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് വീണ്ടും പ്രകോപനമെന്നതാണ് ഏറെ ശ്രദ്ധേയം. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ സേന അതിര്‍ത്തി കടന്നതിന്റെ സൂചനകള്‍ ലഭിക്കുന്നത്. അമേരിക്കേന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെലന്‍സ്‌കിയെ ഇന്ന് വിളിച്ച് യുക്രൈന്‍ പരമാധികാരം സംരക്ഷിക്കുമെന്ന് വീണ്ടും ഉറപ്പുകൊടുത്തിട്ടുണ്ട്.
Story Highlights: russia hits big loss Ukraine issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here