എന്നും പുരോഗമന പ്രസ്ഥാനത്തോട് ഹൃദയബന്ധം പുലര്‍ത്തിയ നടി; കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോടിയേരി

സാംസ്‌കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത അനശ്വരമാക്കിയ നാടക കാലവും അവിസ്മരണീയമാണ്. സംഗീത നാടക അക്കാദമി അധ്യക്ഷയെന്നുള്ള നിലയിലും മികച്ച അടയാളപ്പെടുത്തലുകള്‍ സൃഷ്ടിച്ച കലാകാരിയാണ് കെപിഎസി ലളിതയെന്നും കോടിയേരി അനുസ്മരിച്ചു.
‘മലയാളത്തിന്റെ അഭിമാനമായ കെപിഎസി ലളിതയുടെ വിടവാങ്ങലിലൂടെ സാംസ്‌കാരിക കേരളത്തിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.
സിനിമകളിലെ ഹൃദയഹാരിയായ കഥാപാത്രങ്ങളിലൂടെ കെ പി എ സി ലളിത നമുക്കെല്ലാം ചിരപരിചിതയായിരുന്നു. അവരുടെ നാടകകാലവും അവിസ്മരണീയമാണ്. എല്ലായ്‌പ്പോഴും പുരോഗമന പ്രസ്ഥാനത്തോട് ഹൃദയബന്ധം പുലര്‍ത്തിയാണ് കെപിഎസി ലളിത മുന്നോട്ടുപോയത്.
സംഗീത നാടക അക്കാദമി അധ്യക്ഷയെന്നുള്ള നിലയിലും മികച്ച അടയാളപ്പെടുത്തലുകള്‍ ആ കലാകാരിയുടെ ഭാഗത്തുനിന്നുമുണ്ടായി. അപരനോടുള്ള സ്‌നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച കെ പി എ സി ലളിതയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. സടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു’. കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കന്മദത്തിലെ ആ ഡയലോഗ് അനുകരിച്ചു; ദേവനന്ദയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് കെപിഎസി ലളിത (വിഡിയോ)
ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് നാലരയോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ്. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.
Story Highlights: kodiyeri balakrishnan, kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here