സിപിഐഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശാ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു

വാർഡ് അംഗത്തിൻറെയും സിപിഐഎം പ്രാദേശിക നേതാക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് ആശാ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാ പ്രവർത്തക ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാർഡംഗം അടക്കമുള്ളവരുടെ പേരുകൾ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ വാർഡ് അംഗം രാജശ്രീ നിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ് വീടിനടുത്തുള്ള റബർതോട്ടത്തിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ആശ പ്രവർത്തകയായ ഷീജയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ ആസിഡ് കുടിച്ചുവെന്ന് വ്യക്തമായി. ബാഗിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. വാർഡംഗം രാജശ്രീ, സിപിഐഎം പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണൻ, ഹരിദാസ്, അംഗൺവാടി അധ്യാപിക ഇന്ദിരകുമാരി എന്നിവരാണ് മരണത്തിനുത്തരവാദികളെന്നായിരുന്നു കുറിപ്പിലുള്ളത്. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് ഷീജ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ഷീജയുമായി അകൽച്ചയുണ്ടായിരുന്നുവെന്നും പലവിവരങ്ങളും വാർഡംഗം എന്ന നിലയിൽ കൈമാറാൻ ഷീജ തയാറായിരുന്നില്ലെന്നും വാർഡംഗമായ രാജശ്രീ പറഞ്ഞു.
പെരിന്തൽമണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷീജയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ആത്മഹത്യകുറിപ്പിൽ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ആക്ഷൻ കൌൺസിലിൻറെ ആവശ്യം. ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: suicide attempt cpim palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here