Advertisement

പഞ്ചാങ്കം: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടടുപ്പ് ആരംഭിച്ചു

February 23, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് 5, 6 ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണ റാലികളുടെ ഭാഗമാകും. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് ജനവിധി തേടുന്ന 59 മണ്ഡലങ്ങളില്‍ 51 മണ്ഡലങ്ങളും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരുന്നു. കര്‍ഷക രോഷത്തിന്റേയും ഭരണവിരുദ്ധ വികാരത്തിന്റേയും പശ്ചാത്തലത്തില്‍ ഇത്തവണ ഇതിന് വിപരീതമായ ഒരു അസസ്ഥയുണ്ടാകുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി പറയുന്നത്. ഈ മണ്ഡലങ്ങളില്‍ ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത്.

റഷ്യയും യുക്രൈന്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍, ലോകത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍, ഇന്ത്യ കൂടുതല്‍ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈചില്‍ നടന്ന പൊതുറാലിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ സംഘര്‍ഷ സമയത്ത് മനുഷ്യരാശി മുഴുവന്‍ കരുത്തുറ്റവരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

‘ലോകത്ത് എത്രമാത്രം സംഘര്‍ഷമാണ് നിലനില്‍ക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ട്. പ്രയാസകരമായ സമയങ്ങളില്‍ രാജ്യത്തെ നയിക്കാന്‍ കരുത്തുള്ള ഒരു നേതാവ് വേണം. കൂടാതെ ഇന്ത്യയും മനുഷ്യരാശിയും കൂടുതല്‍ കരുത്തരാകേണ്ട സമയമാണ്. ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ ശക്തമാക്കും.’ ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ യുപിയിലെ ഓരോ വോട്ടും പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറയുകയായിരുന്നു.

വളരെ വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. ഓരോ ഇന്ത്യക്കാരന്റേയും ലക്ഷ്യം വികസനവും സമൃദ്ധവുമായ രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി പത്തിനാണ് യുപിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മാര്‍ച്ച് പത്തിന് വോട്ടെണ്ണല്‍ നടക്കും.

Story Highlights: uttar pradesh assembly election fourth phase polling started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here