Advertisement

മന്ദനയ്ക്കും ഹർമനും മിതാലിക്കും ഫിഫ്റ്റി; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ആശ്വാസ ജയം

February 24, 2022
Google News 2 minutes Read
india women won newzealand

ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ആശ്വാസ ജയം. 6 വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് 251 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 71 റൺസ് നേടിയ ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഹർമൻപ്രീത് കൗർ (63), മിതാലി രാജ് (57 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. (india women won newzealand)

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡിനായി തകർപ്പൻ ഫോമിലുള്ള അമേലിയ കെർ 66 റൺസെടുത്ത് ടോപ്പ് സ്കോററായി. ബാറ്റിംഗിനിറങ്ങിയ എല്ലാവർക്കും തുടക്കം ലഭിച്ചെങ്കിലും ഇടക്കിടെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ന്യൂസീലൻഡിനെ പിടിച്ചുകെട്ടുകയായിരുന്നു. രാജേശ്വരി ഗെയ്‌ക്‌വാദ്, ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നിവർ ഇന്ത്യക്കായി 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഷഫാലി വർമ (9) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദനയും ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദീപ്തി ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. 60 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ദീപ്തി (21) പുറത്തായതിനു പിന്നാലെ എത്തിയ ഹർമൻപ്രീത് കൗർ വളരെ ഗംഭീരമായി മാറ്റ് വീശി. സമീപകാലത്തായി മോശം ഫോമിലുള്ള ഹർമൻ ചില മികച്ച ഷോട്ടുകളിലൂടെ ഇന്ത്യൻ സ്കോർ ഉയർത്തി. ഒപ്പം സ്മൃതിയും ഫോമിലേക്കുയർന്നതോടെ ഇന്ത്യ കുതിച്ചു. ഇതിനിടെ 63 പന്തുകളിൽ സ്മൃതി ഫിഫ്റ്റി തികച്ചു. 64 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സ്മൃതി മടങ്ങി.

അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റൻ മിതാലി രാജും നന്നായി ബാറ്റ് വീശി. പതിവിനു വിപരീതമായി ആക്രമിച്ച് കളിച്ച മിതാലിയും ജർമനും ചേർന്ന് ഇന്ത്യയെ അനായാസം മുന്നോട്ടുനയിച്ചു. പലതവണ ജീവൻ ലഭിച്ച ഹർമൻ 58 പന്തുകളിൽ ഫിഫ്റ്റി തികച്ചു. മോശം പ്രകടനങ്ങളെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന ഹർമൻ മാച്ച് വിന്നിംഗ് ഇന്നിംഗ്സോടെയാണ് ഫോമിലേക്ക് തിരികെ എത്തിയത്. 63 റൺസെടുത്ത താരം 43ആം ഓവറിൽ പുറത്തായി. തുടർന്ന് റിച്ച ഘോഷും മിതാലിയും ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. ഇതിനിടെ 63 പന്തുകളിൽ മിതാലി ഫിഫ്റ്റി തികച്ചു. മിതാലിയും (57), റിച്ച ഘോഷും (7) നോട്ടൗട്ടാണ്.

Story Highlights: india women won newzealand women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here