Advertisement

നരേന്ദ്ര മോദി ഇന്ന് രാത്രി പുടിനുമായി സംസാരിക്കും

February 24, 2022
Google News 2 minutes Read

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്

റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.

ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

Read Also : യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധനവ് തടയാന്‍ തിരക്കിട്ട ചര്‍ച്ചകള്‍;<br>മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

തുടര്‍ന്ന് യുക്രൈന്‍ തിരിച്ചടി ആരംഭിച്ചു. വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ നിലപാട്. പുതിയ സര്‍ക്കാര്‍ വരണം എന്നും പുടിന്‍ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളില്‍ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍ ആക്രമണം നിര്‍ത്താമെന്നും റഷ്യ പറയുന്നു.

Story Highlights: Narendra Modi will talk to Putin tonight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here