Advertisement

‘യുദ്ധത്തിനില്ല’; യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന്‍

February 25, 2022
Google News 1 minute Read

യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടറിയിച്ച് അമേരിക്ക. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.

റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് ജി- 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. ജി-7 രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്. ബ്രിട്ടണും കാനഡയും റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്.

യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബൈഡന്‍ റഷ്യയുടെ നീക്കങ്ങളെ അപലപിച്ചത്. ആഴ്ചകളോളം മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സംഭവിച്ചുവെന്ന് ബൈഡന്‍ പറഞ്ഞു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുടിന്‍ യുദ്ധം തെരഞ്ഞെടുക്കരുതായിരുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യ ഈ ആക്രമണം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം ചെയ്തിരുന്നെന്നാണ് ബൈഡന്‍ ആവര്‍ത്തിച്ചത്. നയതന്ത്ര പരിഹാരം തള്ളിയത് റഷ്യയാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. പുടിനുമായി ഇനി ചര്‍ച്ചകള്‍ക്കൊന്നും സാധ്യത അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പുടിനെ താന്‍ വില കുറച്ചുകാണുന്നില്ലെന്ന് തന്നെയാണ് മാധ്യമങ്ങളോട് ബൈഡന്‍ വ്യക്തമാക്കിയത്. പഴയ സോവിയേറ്റ് യൂണിയനെ തിരിച്ചുപിടിക്കുക എന്നതാണോ പുടിന്റെ പദ്ധതി എന്ന സംശയവും അമേരിക്ക സൂചിപ്പിച്ചു.

Story Highlights: joe biden russia ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here