‘ഏത് നിമിഷവും പുറപ്പെടാന്‍ തയ്യാറായിരിക്കുകയാണ്’; യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട്

യുക്രൈനിലെ യുദ്ധഭീതിയില്‍ വൈകാതെ നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. യുക്രൈനിലെ ഖാര്‍ക്കീവിനടുത്തുള്ള സുമിയില്‍ നിന്ന് നിസാം എന്ന മലയാളി വിദ്യാര്‍ത്ഥി അവരുടെ ആശങ്ക പങ്കുവയ്ക്കുകയാണ് ട്വന്റിഫോറിനോട്. സുമിയില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നിസാം.
നിസാമിന്റെ വാക്കുകള്‍;
ഖാര്‍ക്കീവ് അതിര്‍ത്തിക്ക് അടുത്തുള്ള പ്രദേശമാണ് സുമി. ഇന്നലെ പുലര്‍ച്ചെയാണ് ഈ ഭാഗത്തെ ആദ്യ ആക്രമണമുണ്ടായത്. ആറേഴ് കിലോമീറ്ററുകള്‍ക്കപ്പുറമായിരുന്നു. അതിന്റെ ഭീതിയിലാണ് വിദ്യാര്‍ത്ഥികള്‍. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് ഇവിടെ നിന്ന് അഞ്ച് മണിക്കൂറോളം യാത്രയുണ്ട്. നിലവില്‍ നഗരം വിട്ട് യാത്ര ചെയ്യരുതെന്ന് അധികൃതരില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.
ഇവിടെ നിന്ന് കിഴക്കന്‍ മേഖലയിലേക്ക് കൊണ്ടുപോകുമെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. 600 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഹോസ്റ്റലില്‍ മാത്രം 400 പേരുണ്ട്. ഇന്നലെ യുദ്ധം തുടങ്ങിയ സമയത്ത് പുറത്ത് വലിയ തിരക്കായിരുന്നു. ആഹാരം വാങ്ങാനും പണമെടുക്കാനും മറ്റുമായി എല്ലായിടത്തും തിരക്കായി. പക്ഷേ ഇന്ന് കുഴപ്പമൊന്നുമില്ല.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നുതുടങ്ങിയെങ്കിലും എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പറ്റുന്നില്ല. ഇനി ആക്രണമുണ്ടാകുമോ എന്നുമറിയില്ല. ഇന്നലെ പുലര്‍ച്ചെ ആക്രമണ സമയത്ത് കുറച്ച് പേര്‍ ബങ്കറിലേക്ക് പോകേണ്ടിവന്നിരുന്നു. കീവിലുള്ള സുഹൃത്തുക്കളില്‍ പലരും ബങ്കറുകളിലാണെന്ന് പറഞ്ഞിരുന്നു. സേഫ് ആയിരിക്കണം, ബോര്‍ഡറിലേക്കെത്തിക്കാന്‍ നടപടികള്‍ ചെയ്യുന്നുണ്ടെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഏത് സമയത്തും പുറപ്പെടാനും തയ്യാറായിരിക്കുകാണ്. പക്ഷേ യാത്ര സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല’. നാട്ടില്‍ കൊച്ചിയാണ് നിസാമിന്റെ സ്വദേശം.
അതേസമയം യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി എംബസി രംഗത്തെത്തിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്‌സികിലും എത്തും. ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ടും, പണവും കരുതാനും നിര്‍ദേശത്തില്‍ പറയുന്നു.
Story Highlights: ukriane malayali students, russia ukriane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here