റഷ്യയ്‌ക്കൊപ്പം ചെച്‌നിയന്‍ സൈന്യവും യുക്രൈനില്‍; യുക്രൈന്റെ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് അവകാശവാദം

യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിനിടെ ചെച്‌നിയന്‍ സേനയും ഒപ്പം കൂടിയതായി റിപ്പോര്‍ട്ടുകള്‍. യുക്രൈനിലെ സേനാ സാന്നിധ്യം ചെച്‌നിയന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യത്തെ യുക്രൈനില്‍ വിന്യസിച്ചതായും യുക്രൈന്റെ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്നുമാണ് ചെച്‌നിന്‍ പ്രസിഡന്റിന്റെ അവകാശവാദം.
ചെച്‌നിയന്‍ സൈന്യത്തിലെ ഒരാളെപ്പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ മുന്നേറുകയാണെന്നും ചെച്‌നിയന്‍ പ്രസിഡന്റ് അറിയിച്ചു. റഷ്യ മുന്നേറുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ യുക്രൈനിലെ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുക്കാനാകുമെന്നും ചെച്‌നിയന്‍ സൈന്യം പറഞ്ഞു.
യുക്രൈനില്‍ അക്രമം വ്യാപിപ്പിക്കാന്‍ സൈനികര്‍ക്ക് റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കീവിലുള്ള യുക്രൈന്‍ നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബെലാറസില്‍ ചര്‍ച്ച നടത്താനുള്ള നിര്‍ദേശം യുക്രൈന്‍ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈന്‍ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തല്‍ ഉണ്ട്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതാണ് വിശദീകരണം.
അതേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കീവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. സുരക്ഷാ, പ്രതിരോധ മേഖലകളില്‍ നെതര്‍ലാന്‍ഡ് പിന്തുണ അറിയിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Story Highlights: chechen force in ukraine along with russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here