ശ്രേയാസ് അയ്യർക്ക് ഫിഫ്റ്റി; തകർപ്പൻ പ്രകടനവുമായി സഞ്ജുവും ജഡേജയും: ഇന്ത്യക്ക് ജയം, പരമ്പര

ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ബാക്കിനിൽക്കെ വിജയം വരിച്ചു. 74 റൺസെടുത്ത് ശ്രേയാസ് അയ്യർ ടോപ്പ് സ്കോററായപ്പോൾ രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്), സഞ്ജു സാംസൺ (39) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കായി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടി. (india won srilanka odi)
184 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ (1) ദുഷ്മന്ത ചമീരയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. മൂന്നാം നമ്പറിലെത്തിയ ശ്രേയാസ് അയ്യർ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ഇതിനിടെ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇഷാൻ കിഷൻ (16) പവർ പ്ലേയുടെ അവസാന ഓവറിൽ പുറത്തായി. കിഷനെ ലഹിരു കുമാരയുടെ പന്തിൽ ദാസുൻ ഷനക പിടികൂടുകയായിരുന്നു.
Read Also : തകർത്തടിച്ച് സഞ്ജു പുറത്ത്; ഇന്ത്യ കുതിയ്ക്കുന്നു
നാലാം നമ്പറിൽ സഞ്ജു എത്തി. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ സഞ്ജുവിനെ 6 റൺസുള്ളപ്പോൾ ലങ്കൻ ഫീൽഡർ നിലത്തിട്ടു. മറുവശത്ത് അനായാസമായിരുന്നു ശ്രേയാസിൻ്റെ ബാറ്റിംഗ്. 30 പന്തുകളിൽ ഫിഫ്റ്റി തികച്ച താരം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർദ്ധസെഞ്ചുറി നേടുന്നത്.
19 പന്തുകളിൽ 17 റൺസെന്ന നിലയിൽ പതറിയ സഞ്ജു ലഹിരു കുമാര എറിഞ്ഞ 13ആം ഓവറിൽ സംഹാര രൂപം പൂണ്ടു. ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 23 റൺസാണ് സഞ്ജു ഈ ഓവറിൽ അടിച്ചുകൂട്ടിയത്. ഓവറിലെ അവസാന പന്തിൽ ബൗണ്ടറി ആവർത്തിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ്ഡായ പന്ത് സ്ലിപ്പിലേക്ക് പറന്നു. ഈ പന്ത് ബിനുര ഫെർണാണ്ടോ അസാമാന്യ മെയ്‌വഴക്കത്തോടെ പിടികൂടുകയായിരുന്നു. 25 പന്തിൽ 2 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 39 റൺസെടുത്ത താരം മൂന്നാം വിക്കറ്റിൽ ശ്രേയാസുമൊത്ത് 84 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് മടങ്ങിയത്.
അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ജഡേജയും തകർപ്പൻ ഫോമിലായിരുന്നു. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ജഡേജ ശ്രേയാസുമൊത്ത് 58 റൺസിൻ്റെ അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായി. വെറും 18 പന്തുകൾ നേരിട്ട ഓൾറൗണ്ടർ 7 ബൗണ്ടറിയും ഒരു സിക്സറും സഹിതം നേടിയത് 45 റൺസാണ്. ജഡേജയും 40 പന്തുകളിൽ 6 ബൗണ്ടറിയും 4 സിക്സറും സഹിതം 74 റൺസെടുത്ത ശ്രേയാസും നോട്ടൗട്ടാണ്.
Story Highlights: india won srilanka second odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here