‘തീവ്രവാദികളുമായി സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ക്ക് അടുത്ത ബന്ധം’; ആരോപണവുമായി നദ്ദ

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി. സമാജ്‌വാദി പാര്‍ട്ടി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു. അഖിലേഷിന്റെ ഭരണത്തില്‍ യുപിയില്‍ 200 കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ 5 വര്‍ഷത്തിനിടെ യുപിയില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും നദ്ദ പറഞ്ഞു. നാട്ടില്‍ സമാധാനമുണ്ടാകണമെങ്കില്‍ ജനങ്ങള്‍ അഖിലേഷിനേയും മറ്റ് സമാജ് വാദി പാര്‍ട്ടി നേതാക്കളേയും വീട്ടിലിരുത്തേണ്ടത് അത്യാവശ്യമാണെന്ന് നദ്ദ ആഞ്ഞടിച്ചു. സന്ത് കബീര്‍നഗര്‍, കുശിനഗര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഫിയ രാജ് ഉത്തര്‍പ്രദേശില്‍ വളരണമെന്നാണോ തകര്‍ക്കപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങളോട് ചോദിച്ചുകൊണ്ടാണ് നദ്ദ പ്രസംഗം ആരംഭിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്കാരെ ഗുണ്ടകള്‍ എന്ന് വിളിച്ചാല്‍ കുറഞ്ഞുപോകുമെന്നും തീവ്രവാദികളുമായാണ് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗുണ്ടകളെ അകമഴിഞ്ഞ് സംരക്ഷിക്കുക എന്നതാണ് സമാജ് വാദി പാര്‍ട്ടിയുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അഹമ്മദാബാദ് ബോബ് സ്‌ഫോടനത്തില്‍ 38 ആളുകളാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് സെയ്ഫ് എന്നയാള്‍ക്കെതിരെ ഉള്‍പ്പെടെ ശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഇയാളുടെ അച്ഛന്‍ ഒരു സമാജ് വാദി പാര്‍ട്ടി നേതാവാണ്. അഖിലേഷ് യാദവുമായി കെട്ടുപ്പുണര്‍ന്ന് നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് ആ നേതാവിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലുള്ളത്. നിരവധി തീവ്രവാദികളുമായി സമാജ് വാദി പാര്‍ട്ടിക്ക് ബന്ധമുണ്ട്’. നദ്ദ വിമര്‍ശിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെയും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും വികസന പദ്ധതികളെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
Story Highlights: jp nadda slams samjwadi party amid election