Advertisement

ധന്‍കര്‍ രാജിവച്ചതിന് പിന്നില്‍ ജെ.പി നദ്ദയുമായുള്ള അകല്‍ച്ച?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് ഠാക്കൂര്‍ വരുമോ?

1 day ago
Google News 2 minutes Read

ഭരണകക്ഷിയായ ബി ജെ പിയെ ഞെട്ടിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി അതിനാടകീയമായി രാജി പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം, ഇതിനിടയിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉടന്‍ ആളെ കണ്ടെത്തേണ്ട ചുമതലയും കൂടി ബി ജെ പി നേതൃത്വത്തിന് മുന്നില്‍ വന്നു പെട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ വളരെ ശ്രദ്ധയോടെ മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. വൈകിട്ടുവരെ രാജ്യസഭയില്‍ കര്‍മനിരതനായിരുന്ന ജഗ്ദീപ് ധന്‍കര്‍ പെട്ടെന്ന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത് ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചിരുന്നു. രാജ്യത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കാലാവധി പൂര്‍ത്തിയാക്കാതെ ഉറങ്ങിപ്പോവുന്നത് പതിവുള്ളതല്ല. എന്നാല്‍ ധന്‍കര്‍ കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ ബി ജെ പിയെ വെട്ടിലാക്കിയിരിക്കുന്നത്. എന്‍ ഡി എയിലെ മുഴുവന്‍ കക്ഷികളോടും ആലോചിച്ചാണ് പശ്ചിമബാംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ധന്‍കര്‍ രാജ്യംമുഴുവന്‍ ഉറ്റുനോക്കിയ ഗവര്‍ണറായിരുന്നു.

രാജ്യസഭാധ്യക്ഷന്‍കൂടിയായ ഉപരാഷ്ട്രപതി ഭരണകക്ഷിക്കുവേണ്ടി നിലകൊണ്ടത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പ്രതിപക്ഷം നിരന്തരമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും ധന്‍കറെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ബി ജെ പി നേതൃത്വത്തെ ഇത്തരം രാജികള്‍ ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കും. ബിഹാര്‍ തിരഞ്ഞൈടുപ്പടക്കം പ്രധാനപ്പെട്ട ചില അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ബിജെപി. ഇതിനിടയിലാണ് ജഗ്ദീപ് ധന്‍കറിന്റെ രാജി. ഇതോടെ ദേശീയത്തില്‍ രാഷ്ട്രീയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുകയാണ്. ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചായിരുന്നു ആദ്യഘട്ടത്തിലെ ചര്‍ച്ചകളെങ്കില്‍, ആരാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ആരോഗ്യകാരണങ്ങളാല്‍ രാജിയെന്നാണ് പറയപ്പെടുന്നതെങ്കിലും ബിജെപി ദേശീയ നേതൃത്വുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് അന്തപുര സംസാരം. ധന്‍കറിന്റെ രാജിയില്‍
പ്രധാനമന്ത്രി വളരെ വൈകിയാണ് പ്രതികരിച്ചത്. ആയുരാരോഗ്യം നേര്‍ന്നതല്ലാതെ രാജിയെക്കുറിച്ച് പ്രത്യേകിച്ച് ഒരു അഭിപ്രായപ്രകടനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ, അഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അടുത്ത രാഷ്ട്രപതിയാവുകയെന്ന ലക്ഷ്യത്തോടെയാണ് ധന്‍കര്‍ കരുനീക്കം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത് ബി ജെ പി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നും ജെ പി നദ്ദ നേരിട്ട് നീരസം പ്രകടിപ്പിച്ചുവെന്നുമാണ് ലഭ്യമായ വിവരം. ബി ജെ പി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയോ. മറ്റു നേതാക്കളോ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

രാംനാഥ് ഠാക്കൂര്‍, ജെപി നദ്ദ, നിതീഷ് കുമാര്‍, തുടങ്ങിയവരും ഉപരാഷ്ട്രപതി പട്ടികയിലുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നും ആഗസ്റ്റില്‍ മാറുന്ന സാഹചര്യത്തില്‍ ജെ.പി നദ്ദയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ബി ജെ പിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കയാണ്. രാജ്‌നാഥ് സിംഗിനെ പരിഗണിക്കണമെന്നും ചില കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഈമാസം 26 ന് ചേരുന്ന എന്‍ ഡി എ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ത്ഥി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബി ജെ പി നേതൃത്വം തുടക്കം കുറിച്ചിട്ടുണ്ട്. ഘടകകക്ഷിനേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. അതേ സമയം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും അതിപിന്നാക്കവിഭാഗക്കാരുടെ നേതാവുമായിരുന്ന കര്‍പ്പൂരി ഠാക്കൂറിന്റെ മകനെ ഉപരാഷ്ട്രപതിയാക്കണമെന്ന നിര്‍ദേശമാണ് മുഖ്യചര്‍ച്ചാവിഷയം. ജെ പി നദ്ദ കഴിഞ്ഞ ദിവസം രാനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. രാംനാഥ് ഠാക്കൂറിനെ ഉപരാഷ്ട്രപതിയായി പരിഗണിക്കുന്നതിലൂടെ ഉടന്‍ നടക്കാനിരിക്കുന്ന ബിഹാര്‍ തിരെഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ ജനപിന്തുണ ലഭിക്കുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടലുകള്‍. നിലവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായ നിധീഷ് കുമാറിന്റെ അടുത്ത അനുയായിയാണ് രാംനാഥ്.

ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ചില എന്‍ ഡി എ നേതാക്കള്‍ നേരത്തെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ജാട്ട് വിഭാഗം നേതാവായിരുന്ന ചൗധരി ദേവീലാലിന്റെ അനുയായി ആയിരുന്നു ജഗ്ദീപ് ധന്‍കര്‍. 1989 ല്‍ ലോക്സഭയിലേക്ക് ആദ്യം മത്സരിക്കുന്നതും ദേവിലാലിന്റെ പിന്തുണയോടെയായിരുന്നു. 1990 ല്‍ കേന്ദ്രമന്ത്രിയായി. പിന്നീട് ദേവീലാലിനെ വിട്ട് ജഗ്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി വി നരസിംഹറാവുവിന്റെ കാലത്തായിരുന്നു ഈ നിര്‍ണായക ചുവടുമാറ്റം. രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ട് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായി മാറിയതോടെ 2003 ല്‍ ബി ജെ പിയില്‍ ചേരുകയായിരുന്നു. വസുദ്ധര രാജയുടെ വിശ്വസ്ഥനായി മാറിയ ജഗ്ദീപ് ഇടക്കാലത്ത് അഭിഭാഷക ജോലിയിലേക്ക് വഴിമാറ.

2019 ലാണ് പശ്ചാമബാംഗാളില്‍ ഗവര്‍ണറായി നിയമിക്കുന്നത്. ദേശീയതലത്തില്‍ ജഗ്ദീപ് ശ്രദ്ധേയനായ ഗവര്‍ണറായി മാറുകയായിരുന്നു. ബംഗാളില്‍ ചാന്‍സിലര്‍ എന്ന നിലയില്‍ മമതാ ബാനര്‍ജി സര്‍ക്കാരുമായി ഏറ്റുമുട്ടി, ഒടുവില്‍ ചാന്‍സിലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറി. സര്‍ക്കാര്-ഗവര്‍ണര്‍ പോരാട്ടം എല്ലാ സീമകളും ലംഘിച്ച് വിവാദ നായകനായി നില്‍ക്കവേയാണ് ബി ജെ പി ഇദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തെ പരിഗണിക്കുന്നത്. 2022 ഓഗസ്റ്റ് 6 ന് നടന്ന തിരഞ്ഞെടുപ്പില്‍ മാര്‍ഗരറ്റ് അല്‍വയെ പരാജയപ്പെടുത്തി 346 വോട്ടുകള്‍ നേടിയാണ് ജഗ്ദീപ് ധന്ഡകര്‍ ഉപരാഷ്ട്രപതിയാവുന്നത്.

രാജ്യസഭയില്‍ പ്രതിപക്ഷവുമായി നിരന്തരം പോരാട്ടം നടത്തിയ ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുയര്‍ന്നു. രാജ്യസഭാംഗം കൂടിയാ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള അഭിപ്രായ ഭിന്നതയാണ് ധന്‍കറെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് രാജ്യതലസ്ഥാനത്ത് പരക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയെകുറിച്ച് ധന്‍കര്‍ പ്രതികരിച്ചിട്ടില്ല. ബിജെപി നേതൃത്വം വ്യക്തതവരുത്താനും തയ്യാറായിട്ടില്ല.

നിയപ്രകാരം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഒഴിവുവന്നാല്‍ 60 ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ 32 ദിവസം നീണ്ടുനില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍. അതിനാല്‍ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ 394 വോട്ടുകള്‍ മതിയാവും. നിലവില്‍ 422 അംഗങ്ങള്‍ എന്‍ ഡി എയ്ക്ക് ലോക്സഭയിലും രാജ്യസഭയിലുമായുണ്ട്.

Story Highlights : Rift with JP Nadda behind Dhankhar’s resignation?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here