സിപിഐഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി; സമ്മേളനം വീണ്ടുമെത്തുന്നത് 36 വര്‍ഷത്തിനു ശേഷം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി. 36 വാര്‍ഷത്തിനു ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സമ്മേളനം.
1985ല്‍ എറണാകുളത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. വീണ്ടുമെത്തുമ്പോള്‍ പഴയ നിലപാടുകളില്‍ പാര്‍ട്ടി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. 85ല്‍ സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി അപ്പാടെ മലക്കം മറിഞ്ഞു. വര്‍ഗീയ കക്ഷികളുമായി സഖ്യം വിലക്കിയ കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരേ എം.വി.രാഘവനും സംഘവും ബദല്‍ രേഖ അവതരിപ്പിക്കുകയും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ എം.വി.രാഘവന്‍ അന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
പക്ഷേ ഒഴുകി പോയ കാലത്തിനൊപ്പം പാര്‍ട്ടി നിലപാടുകള്‍ മയപ്പെടുത്തി. ഐഎന്‍എല്ലുമായി ധാരണയും സഖ്യവുമായി. ഒടുവില്‍ മന്ത്രി സഭയിലുമെത്തി. ബദല്‍ രേഖയായിരുന്നു ശരിയെന്ന് സിപിഐഎം സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ഒരു പടികൂടി കടന്ന് ലീഗിനെ പോലും മറുകണ്ടം ചാടിക്കാനുള്ള ആലോചന പോലും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി അതീവ രഹസ്യമായ സൂക്ഷിക്കാറുള്ള രാഷ്ട്രീയ കരട് രേഖ ആദ്യമായി ചോര്‍ന്നതുപോലും 85ലായിരുന്നു. സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിക്കാന്‍ എറണാകുളം നഗരം ഒരുങ്ങിക്കഴിഞ്ഞു.
Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്
ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്താനിരുന്ന സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥലസൗകര്യം കണക്കിലെടുത്താണു മറൈന്‍ഡ്രൈവില്‍ തയാറാക്കുന്ന പന്തലിലേക്കു മാറ്റുന്നതെന്നു സംഘാടക സമിതി ചെയര്‍മാന്‍ പി.രാജീവ്, കണ്‍വീനര്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ എന്നിവര്‍ അറിയിച്ചു. ഒന്നിനു രാവിലെ 10നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്.രാമചന്ദ്രന്‍പിള്ള, എം.എ.ബേബി എന്നിവര്‍ പങ്കെടുക്കും. നാലിനു മറൈന്‍ഡ്രൈവില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ കൊവിഡ് മാനദണ്ഡമനുസരിച്ചു 1500 പേര്‍ക്കേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ എന്നതിനാല്‍ ലൈവ് സ്ട്രീമിങ് നടത്തും. 5 ലക്ഷം പേര്‍ വെര്‍ച്വല്‍ ആയി പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു. 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനവേദിയോടു ചേര്‍ന്ന് സെമിനാര്‍, ചരിത്ര പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.
ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ 27ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയിലെത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവര്‍ 28ന് കൊച്ചിയിലെത്തും. സമ്മേളന പ്രതിനിധികള്‍ 28ന് വൈകുന്നേരത്തോടെ എത്തിതുടങ്ങും. 11 ഹോട്ടലുകളിലായാണ് ഇവര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്.
Story Highlights: Kochi prepares for CPI (M) state convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here