രണ്ടാം ടി20യിൽ ശ്രീലങ്ക ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ

ഇന്ത്യക്കെതിരായ രണ്ടാം ടി-20യിൽ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇറങ്ങുക. ജനിത് ലിയനഗെ, ജെഫ്രി വൻഡെർസേ എന്നിവർക്ക് പകരം ബിനുര ഫെർണാണ്ടോയും ദനുഷ്ക ഗുണതിലകയും ടീമിലെത്തി. ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
ഋതുരാജ് ഗെയ്ക്‌വാദ് പരുക്കേറ്റ് പുറത്തായതോടെ ഓപ്പണിംഗിൽ കിഷൻ-രോഹിത് സഖ്യം തന്നെ തുടരും. വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മോശം പ്രകടനം ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിലൂടെ കഴുകിക്കളഞ്ഞ കിഷൻ മികച്ച പ്രകടനം തുടരാനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തിൽ 89 റൺസെടുത്ത കിഷൻ ആയിരുന്നു കളിയിലെ താരം. ടി-20 ലോകകപ്പിനുള്ള ടെസ്റ്റ് റൺ കൂടിയായ പരമ്പരയിൽ പന്തിൻ്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാനുള്ള സാധ്യതയിൽ കിഷൻ മുന്നിലാണ്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ഈ മത്സരത്തിലും അടുത്ത മത്സരത്തിലും മികച്ച പ്രകടനം നടത്തിയെങ്കിലേ സഞ്ജുവിന് ലോകകപ്പ് ടീമിൽ പ്രതീക്ഷ വെക്കാൻ സാധിക്കൂ.
Story Highlights: srilanka bat india second t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here