യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ

യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ. യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഇതിനിടെ യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. യുക്രൈനിലെ രക്ഷാ ദൗത്യം വേഗത്തിലാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളാ മുഖ്യമന്ത്രി കത്തയക്കുന്നത്.
കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പോളണ്ട്- യുക്രൈൻ അതിർത്തിയിലേക്ക് കൊടും തണുപ്പിനെ വകവെക്കാത ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നടന്നെത്തുന്നത്. എന്നാൽ യുക്രൈൻ അധികൃതർ ഇവരെ കടത്തിവിടാൻ അനവദിക്കുന്നില്ല. യുക്രൈൻ സൈന്യത്തിൽ നിന്നും മലയാളികളടക്കമുള്ള വിദ്യാർത്ഥികൾക്ക് അതിക്രമവും നേരിടേണ്ടി വരുന്നു. ഇത് തടയുന്നതിന് വേണ്ടി എംബസി തലത്തിൽ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also : എംബസി കൈയൊഴിഞ്ഞെന്ന് വിദ്യാര്‍ത്ഥികള്‍; യുക്രൈനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം
യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Government health desks airports -Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here