ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്; ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര തൂത്തുവാരാം. വെസ്റ്റ് ഇൻഡീസിനെതിരെ മുൻപ് നടന്ന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.
പരമ്പര ഉറപ്പിച്ചതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ചഹാലിനു വിശ്രമം അനുവദിച്ച് ബിഷ്ണോയ് ടീമിൽ കളിച്ചേക്കും. ഭുവനേശ്വർ കുമാറിനു പകരം മുഹമ്മദ് സിറാജോ ആവേശ് ഖാനോ കളിക്കാനിടയുണ്ട്. ഭുവിയ്ക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചാൽ സിറാജും ആവേശും ടീമിലെത്തും. ഓപ്പണർ ഇഷാൻ കിഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ മായങ്ക് അഗർവാൾ ടീമിലെത്തിയേക്കാം. കിഷൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും ഇന്നത്തെ മത്സരം കളിച്ചേക്കില്ല.
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ബാക്കിനിൽക്കെ വിജയം വരിച്ചു. 74 റൺസെടുത്ത് ശ്രേയാസ് അയ്യർ ടോപ്പ് സ്കോററായപ്പോൾ രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്), സഞ്ജു സാംസൺ (39) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കായി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights: india srilanka 3rd t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here