യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

യുക്രൈനില്‍ തുടര്‍ച്ചയായ നാലാം ദിവസവും യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ പലരും ഇപ്പോഴും ബങ്കറുകളിലാണ്. പക്ഷേ ഇതുവരെ അപകടകരമായ വാര്‍ത്തകളൊന്നും വന്നിട്ടില്ലാത്തതിന് ദൈവത്തിന് നന്ദിയുണ്ടെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. അത് പൂര്‍ണമായും വിജയകരമായി അവസാനിക്കും വരെ ഞാന്‍ അവര്‍ക്കൊപ്പമാണ്. യുദ്ധഭൂമിയിലാണ് അവരുള്ളത് എന്നതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്നതില്‍ പരിമിതിയുണ്ട്. ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് പരസ്പരം കോണ്‍ടാക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത് തന്നെ നല്ല കാര്യമാണ്. ഇപ്പോള്‍ അവരെല്ലാം സുരക്ഷിതരാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങളൊന്നും പറയാനുള്ള ആളല്ല ഞാന്‍. പക്ഷേ സാധ്യമായതെല്ലാം അവര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്യും’. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
Read Also : ബോംബാക്രമണത്തില്‍ തകര്‍ന്ന വീട് വൃത്തിയാക്കുന്നതിനിടയിലും കണ്ണീരോടെ ദേശീയ ഗാനം ആലപിച്ച് യുക്രൈന്‍ യുവതി
അതേസമയം യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് വിമാനം സര്‍വീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് സര്‍വീസ് നടത്തും. ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം ജോര്‍ജിയ വഴി ഡല്‍ഹിയിലെത്തും.
ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.
Story Highlights: Governor Arif Muhammad Khan, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here