പാർട്ടി ചുമതലയാണ് പ്രധാനം, ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചു; കോടിയേരി ബാലകൃഷ്‌ണൻ ട്വന്റിഫോറിനോട്

ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണൻ. വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായി. മലപ്പുറം സമ്മേളനത്തിലെ നിലപാട് വിഭാഗീയത ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല. പാർട്ടി ചുമതല വഹിക്കുന്നതാണ് സന്തോഷം. പാർട്ടിയിൽ ചിലർക്ക് പാർലിമെന്ററി താത്പര്യം ഉണ്ടാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ചുമതലയാണ് പ്രധാനമെന്നും ഓർമ്മിപ്പിച്ചു. തെറ്റായ പ്രവണത ഇല്ലാതാക്കി തിരുത്തൽ നടപടി കാര്യക്ഷമമാക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
വിഭാഗീയതയുടെ നീണ്ട കാലങ്ങള്‍ക്കു ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ നാളെ തുടക്കമാകും. സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമം. പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവ് ലഭിക്കുമെന്നും ഉറപ്പാണ്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
36 വര്‍ഷത്തിനു ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സമ്മേളനം. 1985ല്‍ എറണാകുളത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. സമ്മേളനം വീണ്ടുമെത്തുമ്പോള്‍ പഴയ നിലപാടുകളില്‍ പാര്‍ട്ടി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. 85ല്‍ സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി അപ്പാടെ മലക്കം മറിഞ്ഞു. വര്‍ഗീയ കക്ഷികളുമായി സഖ്യം വിലക്കിയ കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരേ എം.വി.രാഘവനും സംഘവും ബദല്‍ രേഖ അവതരിപ്പിക്കുകയും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ എം.വി.രാഘവന്‍ അന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
Read Also : സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കമാകും; നേതൃനിരയിലും തലമുറ മാറ്റമുണ്ടാകും
പക്ഷേ ഒഴുകി പോയ കാലത്തിനൊപ്പം പാര്‍ട്ടി നിലപാടുകള്‍ മയപ്പെടുത്തി. ഐഎന്‍എല്ലുമായി ധാരണയും സഖ്യവുമായി. ഒടുവില്‍ മന്ത്രി സഭയിലുമെത്തി. ബദല്‍ രേഖയായിരുന്നു ശരിയെന്ന് സിപിഐഎം സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ഒരു പടികൂടി കടന്ന് ലീഗിനെ പോലും മറുകണ്ടം ചാടിക്കാനുള്ള ആലോചന പോലും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി അതീവ രഹസ്യമായ സൂക്ഷിക്കാറുള്ള രാഷ്ട്രീയ കരട് രേഖ ആദ്യമായി ചോര്‍ന്നതുപോലും 85ലായിരുന്നു. സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിക്കാന്‍ എറണാകുളം നഗരം ഒരുങ്ങിക്കഴിഞ്ഞു.
Story Highlights: kodiyeri balakrishnan on current situation cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here