Advertisement

രക്ഷാപ്രവർത്തനം സങ്കീർണം; ഓപ്പറേഷൻ ഗംഗയിൽ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാർ തിരിച്ചെത്തി: വിദേശകാര്യ മന്ത്രാലയം

February 28, 2022
Google News 2 minutes Read

യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. 8000 ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടു. ഓപ്പറേഷൻ ഗംഗയിൽ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാർ തിരിച്ചെത്തി. പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുത്. അതിർത്തിയിൽ തിരക്കുണ്ട്. സമീപമുള്ള നഗരങ്ങളിൽ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിർദേശിച്ചു.

ഇതിനിടെ യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെയാണ് അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ മൂവായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈന്റെ അതിര്‍ത്തി കടന്നത്. യുക്രൈന്റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തിയെന്നതും പാര്‍ലമെന്റിന്റെ സമിതിയോട് അറിയിച്ചിട്ടുണ്ട്.

Read Also : യുക്രൈനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; കൊവിഡ് നിയന്ത്രണത്തിലും ഇളവ്

കൂടാതെ ഓപറേഷന്‍ ഗംഗയ്ക്കായി കേന്ദ്രമന്ത്രിമാര്‍ക്കുള്ള ചുമതലയും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. റോമനിയ, മോള്‍ഡോവ എന്നീ അതിര്‍ത്തികളില്‍ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരിക്കും. കിരണ്‍ റിജിജുവാണ് സ്ലോവാക്യയില്‍. ജനറല്‍ വികെ സിംഗ് പോളണ്ടിലും, ഹര്‍ദീപ് സിംഗ് പുരി ഹംഗറിയുടേയും ചുമതല വഹിക്കും.

Story Highlights: Ministry of External Affairs Arindam Bagchi On Operation Ganga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here