ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡൽഹിയിലെത്തും. ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപറേഷന് ഗംഗ’യ്ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു. റോമനിയ , മോൾഡോവ എന്നീ അതിർത്തികളിൽ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരിക്കും. കിരൺ റിജിജുവാണ് സ്ലോവാക്യയിൽ. ജനറൽ വികെ സിംഗ് പോളണ്ടിലും, ഹർദീപ് സിംഗ് പുരി ഹംഗറിയുടേയും ചുമതല വഹിക്കും.
യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
Read Also : റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധത്തെ അപലപിച്ച് ചൈന
യുക്രൈൻ സർക്കാരിന്റെയും, ഇന്റർനാഷണൽ റെഡ് ക്രോസിന്റെയും സഹകരണത്തോടെ ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ വിദ്യാർത്ഥികൾ പാലിക്കണമെന്നും വി. മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. യുദ്ധാം അഞ്ചാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ അതിവേഗം നാടണയാൻ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിർത്തിയിലുളളത്. പോളണ്ട് അതിർത്തിയിൽ വൻ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ എംബസി ഹംഗറി, റോമാനിയ അതിർത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്നെത്തും. റോമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും ഓരോ വിമാനങ്ങൾ കൂടി ഇന്ന് പുറപ്പെടും.
ഇതിനിടെ യുക്രൈൻ വ്യോമമേറല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കീവിൽ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം നൽകിയിരുന്നു.
കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയർ പറയുന്നു.
Story Highlights: SpiceJet to operate special evacuation flight from Budapest for Indians in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here